പ്രണയമെന്ന വികാരത്തെ അതിന്റെ ആഴമത്രയും ഉൾക്കൊണ്ടുകൊണ്ട് അഭ്രപാളിയിൽ വരച്ചിടാൻ പദ്മരാജനോളം മറ്റൊരു സംവിധായകനും കഴിഞ്ഞിട്ടുണ്ടാവില്ല. തന്റെ സിനിമകളിലൂടെ കാണിച്ചു തന്നതിന്റെ പതിന്മടങ്ങ് തന്റെ എണ്ണമറ്റ പുസ്തകങ്ങളിലൂടെ പദ്മരാജൻ സമ്മാനിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ രചനകൾ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർക്ക് അത് മനസ്സിലാക്കാനാകും. പ്രണയവും മഴയും തമ്മിൽ ആരും കാണാതെ പോകുന്ന അതി ഗാഢമായ ബന്ധമുണ്ടെന്ന് മലയാളി പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തത് പദ്മരാജൻ സിനിമകളാണ്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനത്തുമ്പികൾ, നവംബറിന്റെ നഷ്ട്ടം, ഇന്നലെ, മൂന്നാം പക്കം, ഞാൻ ഗന്ധർവ്വൻ, അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, കരിയില കാറ്റുപോലെ, ദേശാടനക്കിളി കരയാറില്ല, അപരൻ എന്നിവയൊക്കെ പദ്മരാജൻ വെള്ളിത്തിരയിൽ തീർത്ത വിസ്മയങ്ങളിൽ ചിലതു മാത്രമാണ്.
നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന കഥകൾ ഒരു മുത്തശ്ശികഥ പോലെ വളരെ ലളിതമായി നമുക്കുമുന്നിൽ അവതരിപ്പിച്ച ഒരേയൊരാൾ പദ്മരാജൻ മാത്രമാണ്. ആസ്വാദക മനസ്സിന്റെ സൂക്ഷ്മതകളിലേക്കിറങ്ങിച്ചെന്ന് അവർക്ക് അവിശ്വസനീയം എന്ന് തോന്നുന്ന പലതും അവർക്കുമുന്നിൽ കൊണ്ടുവന്ന മാന്ത്രികൻ. മലയാളത്തിന്റെ എക്കാലത്തേയും കരുത്തുറ്റ എഴുത്തുകാരനും പദ്മരാജനായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നതിനു കാരണം എഴുത്തുകളിലെ തീവ്രത തന്നെയാണ്.
മുത്തശ്ശി കഥകളിൽ മാത്രം കേട്ട് നമുക്കു പരിചയമുള്ള ദേവലോകത്തെ ഗന്ധർവ്വനെ ഭൂമിയിൽ കൊണ്ടു വന്നപ്പോൾ നമുക്കു പത്മരാജനായിരുന്നു ആ ഗന്ധർവ്വൻ. പ്രണയം, വിപ്ലവം, നിഗൂഡത, വിമർശനം, തുടങ്ങി മനുഷ്യ സഹജമായ സ്വഭാവങ്ങൾ മുൻനിർത്തിയായിരുന്നു പദ്മരാജന്റെ എഴുത്തുകൾ എല്ലാം. സ്ത്രീ- പുരുഷ ബന്ധത്തിന്റെ അതിസങ്കീർണ്ണമായ അവസ്ഥകൾ ഉൾക്കൊണ്ടിരുന്ന പദ്മരാജൻ കൃതികൾ ഒരുകാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതാണ്. തന്റെ സ്വന്തം തിരക്കഥയായ ‘പെരുവഴിയമ്പലം’ എന്ന നോവൽ പ്രമേയമാക്കി കൊണ്ടാണ് സംവിധാന രംഗത്തേക്ക് അദ്ദേഹം കടന്നു വന്നത്. രചനയിലെന്നപോലെ സംവിധാന രംഗത്തും ശോഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കഥയിലെന്തെങ്കിലും അവശേഷിപ്പിക്കുന്ന, പരിഹാരം എളുപ്പമല്ലാത്ത പ്രമേയങ്ങളോടായിരുന്നു അദ്ദേഹത്തിന് എന്നും കമ്പമുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പദ്മരാജൻ സൃഷ്ട്ടികൾ എന്നും നിഗൂഢതകൾ നിറഞ്ഞതായിരുന്നു. പതിനഞ്ചു നോവലുകൾക്കും 35 തിരക്കഥകൾക്കും പുറമേ നിരവധി ചെറുകഥകളും എഴുതി. കേരള സാഹിത്യ അക്കാദമി അവാർഡും ദേശീയ രാജ്യാന്തര പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
പകയുടെയും ക്രൂരതയുടെയും കനലുകൾ മനസ്സിൽ പേറി ജീവിക്കുന്നവരായിരുന്നു പദ്മരാജന്റെ കഥാപാത്രങ്ങളിൽ പലരും. പദ്മരാജന്റെ തൂലിക പറഞ്ഞ ജീവിതമായിരുന്നില്ല സിനിമയുടെയും സിനിമാസ്വാദകരുടെയും പപ്പന്റേത്. അവർക്ക് അദ്ദേഹം പാവം പപ്പനായിരുന്നു. പ്രണയത്തിന്റെ രാജകുമാരനായിരുന്നു. “വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക.” അനശ്വര പ്രണയ സൃഷ്ട്ടികൾ നിർത്താതെ പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു.
Related: ജയൻ: അഭ്രപാളിയിലെ ചന്ദ്രഹാസം
അറുപതുകളിലെ മലയാളി സമൂഹത്തെ പ്രകോപിതരാക്കുന്നതായിരുന്നു പദ്മരാജന്റെ എഴുത്തുകൾ. സാഹിത്യ സംസ്കാരത്തെപ്പറ്റി വേണ്ടത്ര ആഴത്തിൽ അറിവില്ലാത്തവനും ആസ്വാദനശേഷി ഇല്ലാത്തവനും ആദ്യ വായനയിൽ ആ എഴുത്തുകൾ തിരസ്ക്കരിച്ചേക്കാം. എന്നാൽ ഉള്ളിൽ അനുഭവങ്ങളുടെ കാറ്റു വീശുന്നവന് അത്ര എളുപ്പത്തിൽ തിരസ്ക്കരിക്കാവുന്ന ഒന്നല്ലായിരുന്നു ആ സൃഷ്ട്ടികൾ. പ്രണയം മാത്രമല്ല, അത്രമേൽ മനുഷ്യ മനസ്സിനെ മുറിവേൽപ്പിക്കുന്ന എഴുത്തുകൾ പിറന്നതും അതേ തൂലികയിൽ നിന്നാണ്. വെള്ളിത്തിരയിൽ എത്തിയില്ലായിരുന്നെങ്കിലും ആദ്ദേഹം അനശ്വര കൃതികളിലൂടെ മികച്ച എഴുത്തുകാരനായി അറിയപ്പെടുമായിരുന്നു. മറ്റുള്ളവരുമായി സംവദിക്കാനായി അദ്ദേഹം തിരഞ്ഞെടുത്ത ഒരു മാധ്യമം മാത്രമായിരുന്നു സിനിമ. വെള്ളിത്തിരയിലെ വെളിച്ചത്തിൽ പദ്മരാജൻ എഴുത്തിനെ ബലി കൊടുത്തതെന്നു പല എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. എങ്കിലും തന്റെ തിരക്കഥകളിലെല്ലാം കഥാകൃത്തിന്റെ കയ്യൊപ്പാവശേഷിപ്പിച്ചിരുന്ന ആളായിരുന്നു അദ്ദേഹം.
നായകനും നായികയും കഥാന്ത്യം ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് പഠിച്ചത് പത്മരാജന്റെ രചനകളിലൂടെയാണ്. നിരര്‍ത്ഥകമാകാത്ത പ്രണയം ത്യഗത്തിന്റെതും വിട്ടുകൊടുക്കലിന്റെതും കൂടിയാണെന്ന് ലോല ഉൾപ്പെടെയുള്ള പത്മരാജൻ കൃതികൾ തെളിയിച്ചു. തുളച്ചു കയറുന്ന അസ്‌ത്രങ്ങളുടെ സ്ഥൂലതയുണ്ടായിരുന്നു പത്മരാജന്‍ കൃതികളിലെ പ്രണയ വർണ്ണനകള്‍ക്ക്. പത്മരാജന്റെ തൂലിക തുമ്പിൽ വിരിഞ്ഞ പ്രതിമയും രാജകുമാരിയും, രതിനിര്‍വ്വേദം, മഞ്ഞുകാലം നോറ്റകുതിര, ഋതുഭേതങ്ങളുടെ പാരിദോശികം, ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മേഖലയെ കൂടുതൽ കരുത്തോടെ സൂക്ഷ്മതയോടെ ഉപയോഗിച്ചതാവാം പദ്മരാജന്റെ വിജയം.
പെണ്ണിനെ അറിയുന്ന, പെണ്ണിടങ്ങളിലേക്ക് കയറിച്ചെന്ന പദ്മരാജനെന്ന എഴുത്തുക്കാരൻ ‘ഞാൻ ഗന്ധർവ്വൻ’ പുറത്തിറങ്ങിയില്ലായിരുന്നെങ്കിലും ഗന്ധർവനായി അറിയപ്പെടുമായിരുന്നു. അത്ര വിശാലമായ തലത്തിലാണ് അദ്ദേഹത്തിലെ കാമുകനും എഴുത്തുകാരനും ഭ്രമകൽപനയുടെ ഏറ്റവും കൊതി തോന്നിപ്പിക്കുന്ന തലങ്ങളിൽ മനസ്സും ഭാവനയും വികാരങ്ങളും ഒരു പോലെ സന്നിവേശിപ്പിച്ച് വിഹരിച്ചിരുന്നത്. പെണ്ണ് ഇങ്ങനൊക്കെയാണെന്ന് ആണ് എത്ര വിശദീകരിച്ചാലും അത് ആണ് കാണുന്ന പെണ്ണ് മാത്രമേ ആകുന്നുള്ളൂ. പെണ്ണറിയുന്ന പെണ്ണ് അതിനൊക്കെ വെളിയിലാണ്. പത്മരാജൻ അറിഞ്ഞതും ആ പെണ്ണിനെയാണ്, പറഞ്ഞതും ആ പെണ്ണിനെക്കുറിച്ചാണ്. തനിക്കറിയാവുന്നതൊക്കെ കലർപ്പില്ലാതെ സങ്കല്പികതയുടെ മൂടുപടമില്ലാതെ അവതരിപ്പിക്കാൻ ഒരുപക്ഷെ പദ്മരാജന് മാത്രമേ സാധിച്ചിട്ടുള്ളു. തനിക്കായി മാത്രം സ്വയം കണ്ടെത്തിയ പാതയിലൂടെ ഒറ്റക്ക് സഞ്ചരിച്ച പദ്മരാജൻ പിന്നെ, ഒരു കഥ പാതിയിൽ പറഞ്ഞുനിർത്തുമ്പോലെ 1991 ൽ അരങ്ങൊഴിയുകയായിരുന്നു. ഇനി എത്ര പ്രണയ കാവ്യങ്ങൾ പെയ്താലും ആസ്വാദക മനസ്സിൽ പെയ്തൊഴിയാതെ നിൽക്കുന്നത് പ്രിയപ്പെട്ട പപ്പേട്ടന്റെ സൃഷ്ട്ടികൾ തന്നെയായിരിക്കും.