ജയൻ: അഭ്രപാളിയിലെ ചന്ദ്രഹാസം

·

·

മലയാള സിനിമയിലെ ശബ്ദ ഗാംഭീര്യമുള്ള നായകനായിരുന്നു കൃഷ്ണൻ നായർ എന്ന ജയൻ. വരച്ചുവെച്ചതുപോലുള്ള മീശയും കത്തുന്ന കണ്ണുകളും ചെരിച്ചു പിടിച്ച തലയുമായി സ്റ്റൈലൈസ്ഡ് ആയ അതേ മുഖഭാവത്തോടെ മലയാളി മനസ്സിൽ മായാതെ നിൽക്കുന്ന നടനവിസ്മയം. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽപോലും ശബ്ദം കൊണ്ട് ഇത്രയേറെ പ്രശംസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത മറ്റൊരു താരം ഉണ്ടാകില്ല. ജനപ്രിയ മലയാള സിനിമയുടെ കാഴ്ച സംസ്‌കാരത്തില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ പലവിധത്തിലും സാധ്യമാക്കിയ സാന്നിധ്യമായിരുന്നു ജയന്റേത്. പുരുഷ ശരീരവും സെല്ലുലോയ്ഡും തമ്മിലുള്ള ബന്ധവും ആക്ഷന്‍ രംഗങ്ങളിലെ യഥാര്‍ത്ഥ സാന്നിധ്യവും ഒരു നടനോടുള്ള ആരാധനയില്‍ കാഴ്ചക്കാര്‍ ഏകീകൃത ആരാധകരാകുന്ന പതിവും മലയാളിയ്ക്ക് അനുഭവവേദ്യമാകുന്നത് ജയനിലൂടെയാണ്. മലയാള സിനിമയിലേക്ക് ജയന്‍ കടന്നുവരുന്നത് വരെയും ഇത്തരം കാര്യങ്ങളൊന്നും നാം കേട്ടിട്ടുപോലുമുണ്ടായിരിക്കില്ല.

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. പിന്നീട് അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവു പുലർത്തിയതിനോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംയോജിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിൽ സാഹസികതയോട് വല്ലാത്ത പ്രണയമുണ്ടായിരുന്നു. അത് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചു.

അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. ബാബു എന്ന കാഥാപാത്രം ഉയർത്തിവിട്ട തരംഗം ഇന്നും മലയാളികളില്‍ നിലനില്‍ക്കുന്നുണ്ട്. ചെറുപ്പക്കാരും വിദ്യാര്‍ഥികളും അങ്ങാടിയിലെ ജയന്‍ ഡയലോഗുകള്‍ ഉരുവിട്ടു നടന്നു. അത് ഒരുകാലഘട്ടത്തിലേക്കുള്ളതായിരുന്നില്ല, ഇന്നും മലയാളികളിൽ ആ ശബ്ദ ഗാംഭീര്യം മുഴങ്ങിക്കൊണ്ടേയിരിക്കുന്നുണ്ട്. കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണന്‍ നായര്‍ എന്ന യുവാവ് മലയാളികളുടെ പ്രിയപ്പെട്ട നടനായ ജയനായി വളര്‍ന്നത് കഠിനപ്രയത്നം കൊണ്ടുതന്നെയാണ്. ആരോഗ്യ ദൃഢഗാത്രമായ ശരീരം, ഭവ്യമായ പെരുമാറ്റം, ഗാംഭീര്യമുള്ള ശബ്ദം, സല്‍സ്വഭാവം തുടങ്ങിയ ഗുണങ്ങള്‍ ജയന്‍ എന്ന മനുഷ്യനെ മുൻപേ നായകനാക്കി മാറ്റിയിരുന്നു.

അങ്കക്കുറി(1970), ചന്ദ്രഹാസം(1980), ലൗ ഇന്‍ സിങ്കപ്പൂര്‍ (1980), ശക്തി(1980), മൂര്‍ഖന്‍ (1980), തടവറ(1981) ശരപഞ്ജരം(1979), ജയന്റെ സാഹസികത നിറഞ്ഞാടിയ സിനിമകള്‍ . ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങളില്‍ അഭിനയിച്ചാണ് ജയന്‍ പ്രേക്ഷകനെ കീഴടക്കിയത്. മറ്റു ഭാഷകളിലെ പുനരാവിഷ്‌കാരമായിരുന്നു ജയന്‍ ചിത്രങ്ങള്‍ കൂടുതലും. മറുഭാഷാ ചിത്രങ്ങളെ തന്റെ സാന്നിധ്യം കൊണ്ട് അദ്ദേഹം മലയാളിക്ക് പ്രിയങ്കരമാക്കി. 1966ല്‍ ഹിന്ദിയില്‍ ഇറങ്ങിയ ‘ഫൂല്‍ ഔര്‍ പത്ഥര്‍ ‘ എന്ന ചിത്രം ‘ഒളിവിളക്ക്’ എന്ന പേരില്‍ തമിഴില്‍ ഇറങ്ങി. രണ്ടു ചിത്രങ്ങളും കേരളത്തില്‍ മികച്ച കളക്ഷൻ നേടി. എന്നാല്‍ അതേ ചിത്രം ജയനെ വെച്ച് കൊണ്ട് ‘പുതിയ വെളിച്ചം’ എന്ന പേരില്‍ മലയാളത്തില്‍ പുറത്തിറങ്ങിയപ്പോഴും ആവര്‍ത്തന വിരസതയെ മറികടന്ന് ചിത്രത്തിന് പ്രേക്ഷകരെ കൂട്ടാന്‍ ജയന്റെ സാന്നിധ്യം കൊണ്ട് സാധിച്ചു.

വെറും ആറ് വര്‍ഷം നീണ്ട കരിയറില്‍ 125ലേറെ സിനിമകള്‍. ചെറുവേഷത്തില്‍ തുടങ്ങി നായകനും പ്രതിനായകനുമായി മലയാള സിനിമയിലെ ഏറ്റവും വിലയേറിയ താരമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ജനങ്ങൾക്ക് ഇഷ്ട്ടപെടാത്തതൊന്നും സ്വാഭാവികമായി നിലനിൽക്കില്ലെന്ന് വിശ്വസിച്ച ജയൻ ഡ്യൂപ്പുകളില്ലാതെയാണ് അഭിനയിച്ചിരുന്നത്. ”ഡ്യൂപ്പുകളും മനുഷ്യരല്ലേ?. എന്റെയും അവരുടേയും ജീവന് തുല്യ വിലയാണ്. ഒരു ഡ്യൂപ്പ് കൊല്ലപ്പെട്ടാല്‍ ഒരു കുടുംബം അനാഥമാകുന്നു. ഞാന്‍ മരിച്ചാലും അത് തന്നെയാണ് സ്ഥിതി. പിന്നെ എന്തിന് എനിക്ക് വേണ്ടി ഒരു ഡ്യൂപ്പിനെ അപകടത്തില്‍ കൊണ്ടുചെന്നു ചാടിക്കണം”. എന്നായിരുന്നു അതേപ്പറ്റി ജയൻ പറയാറുള്ളത്. ഒടുവിൽ ആ അതിസാഹസികത തന്നെയാണ് ആ ജീവനെ എടുത്തതും. പക്ഷെ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോല്പിച്ചുകൊണ്ടേയിരിക്കുന്നു.

വിജയനാന്ദ് സംവിധാനം ചെയ്ത ‘കോളിളക്ക’ത്തിന്റെ കൈ്ളമാക്സ് രംഗമാണ് ജയനെ മരണത്തിലേക്ക് നയിച്ചത്. അതീവ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനുശേഷം മാത്രം ഹോളിവുഡ് താരങ്ങള്‍ അത്തരം സീനുകളില്‍ അഭിനയിക്കുമ്പോൾ ചോരയില്‍ കലര്‍ന്ന സാഹസിക വീര്യത്തിന്റെ മാത്രം ബലത്തില്‍ ജയന്‍ അത്തരം സീനുകളില്‍ തകര്‍ത്തഭിനയിച്ചു. അതൊരു ലഹരിയായി ആ മനുഷ്യനില്‍ പടര്‍ന്നുകയറിയിരുന്നു. കോളിളക്കത്തിന്റെ കൈ്ളമാക്സ് നിരവധി റീടേക്കുകൾക്ക് ശേഷമാണു പൂർത്തിയായതെന്ന് അണിയറപ്രവർത്തകർ പറയുന്നുണ്ട്. ജയന്റെ അമിത ആത്മവിശ്വാസം തന്നെയാണ് ഒരുപക്ഷെ ആ അപകടത്തിന് കാരണവും.

Related: തിലകൻ: അഭിനയത്തിന്റെ പെരുന്തച്ചൻ, അണക്കാനാകാത്ത തീനാളം

എന്തിന് കാലം നിന്നെ താലപ്പൊലിയും തായമ്പകയുമായി സ്വാഗതം ചെയ്തു. ആ കുരുക്ഷേത്രത്തില്‍ നീ സവ്യസാചിയായി. അര്‍ജുനനായി അവരോധിക്കപ്പെട്ടു. ആ സാമ്രാജ്യത്തിലെ ചെങ്കാലും കിരീടവും നീ പിടിച്ചെടുത്തപ്പോള്‍ പൊടുന്നനെയുള്ള നിന്റെ വളര്‍ച്ച കണ്ട് അസൂയ കലുഷിതയായ സിനിമ അവളുടെ ലളിത വേഷം മാറ്റി. യക്ഷിയുടെ രൂപം പൂണ്ടു. കൂര്‍ത്ത നഖങ്ങളും പല്ലുകളും തീചിന്തുന്ന കണ്ണുകളുമുള്ള യക്ഷി. അവളാണ് മരണത്തിലൂടെ നിന്നെ വീഴ്ത്തിയത്. നിന്റെ രൂപം ഞാനെങ്ങനെ മറക്കും”- മലയാള സിനിമയിലെ ആചാര്യന്മാരിലൊരാളായ തിക്കുറിശ്ശി ജയന്റെ മരണമുണ്ടാക്കിയ നൊമ്പരത്തിൽ നിന്ന് പറഞ്ഞ വാക്കുകളാണിവ.

ഒരുപക്ഷെ ജയൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ഏതെങ്കിലും വൃദ്ധ വേഷങ്ങളില്‍ സിനിമയുടെ നരച്ച കാന്‍വാസുകളില്‍ അങ്ങനെയൊരു നടനും കൂടി കഴിഞ്ഞുപോയേനെ. പക്ഷേ, ജയന് അതാകുമായിരുന്നില്ല. ജീവിതത്തിന്റെ ഉച്ചകോടിയില്‍ നായകത്വത്തിന്റെ പരമോന്നതിയില്‍നിന്ന് താഴെയിറങ്ങാന്‍ കൂട്ടാക്കാതെ ഇന്നും യുവത്വത്തിന്റെ പ്രസരിപ്പില്‍ ജയന്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്..