ആ ഭാവമാറ്റം നോക്കിനിന്നിട്ടുണ്ട് ഞാൻ, ഷൈന്‍ ടോമിനെക്കുറിച്ച് ദുല്‍ഖര്‍

·

·

,

ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ക്ക് ആകാംക്ഷയായിരുന്നു. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും തുടക്കം കുറിച്ചത്. ദുൽഖർ സൽമാൻ എന്ന നടന്റെ സിനിമ ലോകത്തേക്കുള്ള ചുവടു വയ്പ്പ്. ആദ്യ ചിത്രത്തിലൂടെ മികച്ച സ്വീകാര്യതയായിരുന്നു ഇരുവരും സ്വന്തമാക്കിയത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള ഇവരുടെ വരവ് വെറുതെയാവില്ലെന്ന വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പ്രമേയമാക്കുന്ന സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പങ്കുവെച്ച് ദുല്‍ഖര്‍ എത്താറുണ്ട്. ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയാണ് അദ്ദേഹം ഇപ്പോള്‍ എത്തിയിട്ടുള്ളത്. മയക്കം പിടിച്ച കണ്ണുകളുമായി ബീഡി വലിച്ച് ഒരു കാറിലിരിക്കുന്ന ഷൈന്‍ ടോമിന്റെ ചിത്രമായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്. ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളില്‍ ഏറ്റവും മികച്ച നടന്‍മാരിലൊരാളാണ് ഷൈന്‍ എന്നാണ് ദുൽഖർ കുറിച്ചത്.

നേരത്തെ തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം മനസ്സിലുണ്ടെന്നും തന്റെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ പ്രൊഡക്ഷന്‍സുമായി തുടര്‍ന്നങ്ങോട്ടും സഹകരിക്കണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷൈന്‍ കഥാപാത്രമായി മാറുന്നത് കണ്ട് മിക്കപ്പോഴും താന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ എഴുതി. ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. സുകുമാരക്കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ ലുക്കുമായെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. മലയാളത്തിന് താരപുത്രനെ നഷ്ടമായേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു ഒരിടയ്ക്ക് നടന്നത്. എന്നാല്‍ അത്തരത്തിലുള്ള പറച്ചിലുകളൊന്നും ശരിയല്ലെന്ന് തെളിയിച്ച് മുന്നേറുകയാണ് ദുല്‍ഖര്‍. നിർമ്മാതാവായി മൂന്നു ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അതിനൊപ്പം തന്നെ അഭിനേതാവായും മലയാളത്തിൽ തന്നെ സജീവമാകുന്നുമുണ്ട് താരം.