തിലകൻ: അഭിനയത്തിന്റെ പെരുന്തച്ചൻ, അണക്കാനാകാത്ത തീനാളം

·

·

അഭ്രപാളിയിൽ പകരം വക്കാനാവാത്ത നിരന്തരം വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു നടനാണ് തിലകൻ. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന മലയാളത്തിന്റെ സ്വന്തം പെരുന്തച്ചൻ. ജീവിതത്തിൽ നാട്യമറിയാത്ത തന്റേടിയായ ആരെയും കൂസാത്ത സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ മലയാളികളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. സൂപ്പർതാര പദവികൾ കൊണ്ട് മലയാള സിനിമ അടക്കി വാഴപ്പെട്ടപ്പോഴും തിലകന്റെ പ്രകടനം അവരെക്കാളെല്ലാം മികച്ചു നിന്നു. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടന്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. 1979ല്‍ പുറത്തിറങ്ങിയ ‘ഉള്‍ക്കടല്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം മലയാളത്തില്‍ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് അസാധ്യപ്രകടനങ്ങളിലൂടെ തിലകൻ അത്ഭുതപെടുത്തികൊണ്ടേയിരുന്നു. 1981ല്‍ പുറത്തിറങ്ങിയ കോലങ്ങള്‍ എന്ന ചിത്രത്തിലെ കള്ള് വര്‍ക്കി എന്ന മുഴുകുടിയന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു മലയാളത്തില്‍ അദ്ദേഹം പ്രധാന വേഷങ്ങളിലേക്ക് കടന്നുവന്നത്. യവനിക, പെരുന്തച്ചൻ, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, നരസിംഹം, ഉസ്താദ് ഹോട്ടല്‍ തുടങ്ങി നായകനെക്കാൾ തിലകനിന്ന മഹാനടൻ തിളങ്ങിനിന്ന ഇത്രയേറെ വേഷങ്ങൾ.

കണിശക്കാരനായ അച്ഛന്റെ മകനായിരുന്നു തിലകൻ. ഒരു പാട്ട് പാടാനോ നാടകം അഭിനയിക്കാനോ ഒന്നിനുമുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. അച്ഛനോടുള്ള ഭയത്താൽ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട അവസ്ഥയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും എനിക്കത് കിട്ടിയിട്ടില്ല എന്ന് തിലകൻ മുൻപ് പറയാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ തടയാൻ ആരെങ്കിലും ശ്രമിച്ചാൽ ഉടനെ ചോദ്യം ചെയ്യുന്നത്. സ്വാതന്ത്ര്യം ഏറ്റവും ഇഷ്‍ടപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അച്ഛന്റെ ആജ്ഞകളെ ലംഘിച്ച് കൊണ്ട് തിലകൻ നാടകത്തിൽ അഭിനയിക്കാൻ പോകുമായിരുന്നു. ഏരൂർ വാസുദേവ് രചിച്ച “ജീവിതം അവസാനിക്കുന്നില്ല” എന്ന നാടകം, അവസാനിച്ചുവെന്ന് കരുതിയ തിലകന്റെ ജീവതത്തെ സജീവമാക്കുന്നതായിരുന്നു. ആ നാടകം നിരവധി സ്ഥലങ്ങളിൽ അവതരിപ്പിക്കുകയും അതിലൂടെ പുറത്തറിയപ്പെടുകയും ചെയ്തു. 1955 ൽ കോട്ടയം നാഷണൽ തീയേറ്റേഴ്സിൽ നിന്ന് കിട്ടിയ ക്ഷണം സ്വീകരിച്ചതോടെ പ്രഫഷണൽ നടനാവുകയും നാടകം ജീവിതമായി മാറുകയും ചെയ്തു. 1966 വരെ കെപിഎസ്സി യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും, പി ജെ ആന്റണിയുടെ സമിതികളിലും പ്രവർത്തിച്ചു.

1979ൽ ആണ് തിലകൻ സിനിമയിൽ സജീവമാകുന്നത്. കെ ജി ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചലചിത്രത്തിലൂടെയാണ് ആ യാത്രയുടെ തുടക്കം.ലോഹിതദാസ് എന്ന സംവിധായകനെ കണ്ടെത്തിയതും തിലകൻ ആയിരുന്നു. അദ്ദേഹം നിർബന്ധിച്ചിട്ടാണ് സിബി മലയിലിനെ കാണുന്നതും തിരക്കഥാകൃത്ത് ആയി മാറുന്നതും. തിലകന്റെ ശരീര ഭാഷക്ക് ഏറ്റവും അനുയോജ്യമായ ഒട്ടേറെ കഥാപാത്രങ്ങളെ ഒരുക്കി വെള്ളിത്തിരയിൽ ജ്വലിപ്പിച്ചത് ലോഹിതദാസ് ആയിരുന്നു. തനിയാവർത്തനത്തിൽ തുടങ്ങിയ തിലകൻ – ലോഹി കൂട്ടുക്കെട്ട് മലയാള സിനിമയിൽ ഒട്ടേറെ വിജയ ചിത്രങ്ങൾ സൃഷ്ട്ടിച്ചു. തന്റെ കഥയിലെ ശക്തമായ അച്ഛൻ കഥാപാത്രങ്ങൾക്ക് തിലകനെയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ ലോഹിക്കാകുമായിരുന്നില്ല. കിരീടത്തിലും ചെങ്കോലിലുമൊക്കെ നമ്മൾ കണ്ട ആ അച്ഛൻ വേഷങ്ങൾക്ക് പകരക്കാരനാകാൻ മറ്റാരുണ്ട് സിനിമ ലോകത്ത്? മലയാളിയുടെ ഓർമ്മയിൽ എന്നെന്നും നിലനിൽക്കുന്ന കഥാപാത്രമാണ് പെരുന്തച്ഛൻ. കാഴ്ചക്കപ്പുറത്ത് ആ പെരുന്തച്ഛൻ ഇന്നുമുണ്ട് നമ്മോടൊപ്പം. മൂന്നാംപക്കത്തിലെ മുത്തശ്ശനെ നമുക്ക് മറക്കാൻ കഴിയുമോ, അതുപോലെ പഞ്ചാഗ്നിയിലെ പരുക്കനായ രാമേട്ടനും, കിരീടത്തിലെ നിർഭാഗ്യവാനായ അച്ഛൻ അച്യുതൻ നായരും, നമുക്ക് പാർക്കാൻ മുന്തിരി തോപ്പിലെ ക്രൂരനായ രണ്ടാനച്ഛനും, നാടോടിക്കാറ്റിലെ പേടി തൊണ്ടനായ അനന്തൻ നായരും കണ്ണെഴുതി പൊട്ടും തൊട്ടതിലെ നടേശൻ മുതലാളിയും തിലകന്റെ അഭിനയ പ്രതിഭയ്ക്ക് മുന്നിൽ മുട്ടുകുത്തിയ ചില കഥാപാത്രങ്ങളാണ്. ഇന്ത്യൻ റുപ്പിയിലെ അച്യുതമേനോനെ തിലകനല്ലാതെ ആര് അവതരിപ്പിക്കും എന്ന രഞ്ജിത്തിന്റെ ചോദ്യം എത്ര പ്രസക്തമാണെന്ന് ചിത്രം തന്നെ നമുക്ക് തെളിയിച്ചു തന്നു.

Related: ഇന്ദ്രൻസ് കാലത്തിന്റെ കാവ്യനീതി

മലയാള സിനിമയിലെ താരപ്രമാണിത്തത്തെ വെല്ലുവിളിച്ച നടനായിരുന്നു തിലകൻ. ഒരുകാലത്ത് അഭിനയത്തിന്റെ പെരുന്തച്ചനെന്ന് തിലകനെ വാഴ്ത്തിയ സിനിമാലോകം പക്ഷേ, പിന്നീട് അദ്ദേഹത്തിന്റെ കഴുത്തിലേക്ക് ആജീവനാന്തവിലക്കിന്റെ ഉളി മനഃപൂർവ്വം എടുത്തെറിഞ്ഞു. എങ്കിലും അഭ്രപാളിയിൽ അരങ്ങു തീർത്ത നടന്റെ മുന്നിൽ മുട്ടുകുത്താനെ അവർക്കു സാധിച്ചുള്ളൂ. സംവിധായകൻ വിനയനെതിരെ മലയാളത്തിലെ സൂപ്പർതാരങ്ങൾ ഭ്രഷ്ട്ട് കൽപ്പിച്ച കാലത്ത് തിലകൻ വിനയന്റെ സിനിമയിൽ അഭിനയിച്ചു. വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്ന കല്പനകളെ ‘തലയിൽ ആൾത്താമസമില്ലാത്ത അഴകിയരാവണന്മാർ’ എന്ന് തിലകൻ പുച്ഛിച്ചുതള്ളി.

അതോടെ മലയാളത്തിലെ മുൻനിര നടന്മാരുടെയും അവരുടെ സന്തതസഹചാരികളുടെയും നമ്പർ വൺ ശത്രുവായി മാറി തിലകൻ. പല മുതിർന്ന സംവിധായകർ പോലും അദ്ദേഹത്തെ തങ്ങളുടെ സിനിമയിൽ നിന്നു മാറ്റി. ജീവിക്കാനായി സീരിയലുകളിൽ അഭിനയിക്കാൻ പോയ തിലകനെ അവിടെയും ഉളിയെറിഞ്ഞിടാൻ ആളുണ്ടായിരുന്നു. വീണ്ടും നാടക വേദികളിലേക്ക് തിലകൻ മടങ്ങി. പക്ഷേ, സിനിമാജീവിതം അവസാനിച്ചെന്നുറപ്പിച്ചപ്പോഴും തോൽക്കാൻ തിലകൻ തയ്യാറല്ലായിരുന്നു. താരാരാജാക്കന്മാരെന്ന് പേരെടുത്തവർക്കെതിരെപോലും അദ്ദേഹം പോർവിളി മുഴക്കി. ‘എന്റെ രോമത്തിൽപ്പോലും തൊടാൻ നിങ്ങൾക്ക് പറ്റില്ലെന്ന് വെല്ലുവിളിച്ചു. കൂടുതൽ ശക്തിയോടെ പുനർജനിച്ചു. ഒടുവിൽ മലയാളസിനിമയ്ക്ക് തിലകനോട് ചോദിക്കേണ്ടി വന്നു: ‘എവിടെയായിരുന്നു ഇത്രയും കാലം…” കാലത്തെകൊണ്ട് തിലകനങ്ങനെ ചോദിപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. എല്ലാവരും ഒന്നിന് പിറകെ ഒന്നായി തിലകനെ വേട്ടയാടുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. “കായ്ഫലമുള്ള വൃക്ഷത്തിലല്ലേ ആളുകൾ കല്ലെറിയൂ..” സത്യത്തിൽ അത് തന്നെയായിരുന്നില്ലേ യഥാർത്ഥ കാരണവും?

ഡോക്ടറാകാൻ മോഹിച്ചിട്ടും കോളേജ് പഠനംപാതി വഴിയിൽ മുടങ്ങിയപ്പോൾ പ്രൊഫ. ശിവ പ്രസാദ് സാർ പറഞ്ഞ വാചകം ഞാനിപ്പോഴും ഓർക്കുകയാണെന്ന് തിലകൻ പറയുന്നുണ്ട്. “നീ ധൈര്യമായിട്ട് പോകൂ… ഡോക്ടർ ആയില്ലെങ്കിലും പോട്ടെ ടാ …. നീയൊരു വലിയൊരു നടനാകും. ഒരു വിളക്ക് ഒടിക്കാൻ വളരെയെളുപ്പമാണ്. പക്ഷെ അതിന്റെ തീ നാളത്തിൽ കൈ ഒന്ന് തൊടാൻ ആർക്കും സാധിക്കില്ല. ജീവിതം ഒരു സാഗരമാണ്. തിരമാലകൾ ആഞ്ഞടിക്കും.., പാടും.., തേങ്ങിക്കരയും.., അതിന്റെ തീരത്ത് ഭയന്ന് നിൽക്കരുത്…. ആഴങ്ങളിലേക്ക് എടുത്തു ചാടി മുങ്ങുക. ഒരു പക്ഷെ പൊങ്ങി വന്നില്ലെന്ന് വരാം. സാരമില്ല. പൊങ്ങി വന്നാൽ കൈയ്യിൽ മുത്ത് ഉണ്ടായിരിക്കും”.. പ്രൊഫസ്സർ അന്ന് പറഞ്ഞത് തന്നെയല്ലേ ശരി, മുങ്ങിതാഴ്ന്നിട്ടും കൈനിറയെ മുത്തുമായി പൊങ്ങിവന്നു വിസ്മയമായിരുന്നില്ലേ അദ്ദേഹം….