അതിഥി വേഷത്തിലെത്തി മോഹന്‍ലാല്‍ ആ സിനിമ കവർന്നെടുക്കുകയായിരുന്നു; സമ്മർ ഇൻ ബത്‌ലഹേം 21 വർഷങ്ങൾ

·

·

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് സിബി മലയില്‍. മലയാളി പ്രേക്ഷകർ എന്നും ഓര്‍ക്കാനിഷ്ടപ്പെടുന്ന നിരവധി സിനിമകളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. രഞ്ജിത്തും സിബി മലയിലും ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ആ സിനിമ സ്വീകരിച്ചിരുന്നു. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച ചിത്രങ്ങളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. മായാമയൂരത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തിയത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു. 1998 സെപ്റ്റംബര്‍ 4നായിരുന്നു സിനിമ റിലീസ് ചെയ്തത്. 21 വര്‍ഷത്തിനിപ്പുറവും ഇന്നലെ കണ്ടതുപോലെ പ്രേക്ഷകര്‍ ഈ ചിത്രം ഓര്‍ത്തിരിക്കുന്നുണ്ട്.

ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ സിനിമയായിരുന്നു ഇത്. രവിശങ്കറിന് പൂച്ചയെ അയച്ചത് ആരാണെന്ന കാര്യം ഇന്നും അഞ്ജാതമായി തുടരുകയാണ്. ആമിയാണ് അതിന് പുറകിലെന്നുള്ള വാദവും ഇടയ്ക്ക് പുറത്തുവന്നിരുന്നു. ചിത്രത്തില്‍ അഭിനയിച്ച താരങ്ങളോടെല്ലാം പ്രേക്ഷകര്‍ ഇതേക്കുറിച്ച് ഇപ്പോഴും ചോദിച്ചിരുന്നു. കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി, മഞ്ജുള, രസിക, മയൂരി, ശ്രീജയ, സാദിഖ്, വികെ ശ്രീരാമന്‍, റീമ, ഗിരിജ പ്രേമന്‍, അഗസ്റ്റിന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. സമ്മര്‍ ഇന്‍ ബത്‌ലഹേമെന്നുള്ള സിനിമ കണ്ടതിന് ശേഷം എല്ലാവരും ഒരുപോലെ ചോദിച്ച ചോദ്യങ്ങളിലൊന്നായിരുന്നു ഇത്. സിനിമ ഇറങ്ങി 21 വര്‍ഷം പിന്നിടുമ്പോഴും ആരാധകര്‍ ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്. തിരക്കഥയൊരുക്കിയ രഞ്ജിത്തിനോടും സംവിധായകനായ സിബി മലയിലിനോടും ആരാധകര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. തങ്ങള്‍ക്കും കൃത്യമായ മറുപടിയില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അപര്‍ണയിലും ജ്യോതിയിലും ഫോക്കസ് ചെയ്താണ് സിനിമ അവസാനിക്കുന്നത്. ഇവരില്‍ ആരെങ്കിലുമായിരിക്കും പൂച്ചയെ അയച്ചതെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടക്കാലത്ത് സജീവമായിരുന്നു.

മഞ്ജു വാര്യരെ നായികയാക്കി തമിഴില്‍ സിനിമ ഒരുക്കാനായിരുന്നു തങ്ങള്‍ തീരുമാനിച്ചതെന്ന് മുൻപ് സിനിമയെപ്പറ്റി ചോദിച്ചപ്പോൾ സിബി മലയില്‍ വ്യക്തമാക്കിയിരുന്നു. ഡെന്നീസിനെ അവതരിപ്പിക്കുന്നതിനായി പ്രഭുവിനെയായിരുന്നു മനസ്സില്‍ കണ്ടത്. മഞ്ജു വാര്യരും പ്രഭുവും ഒരുമിച്ചുള്ള ഗാനരംഗവും ഇതിനായി ചിത്രീകരിച്ചിരുന്നു. എന്നാൽ നിര്‍മ്മാതാവായുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് സിനിമ നിര്‍ത്തുമെന്ന തരത്തിലേക്ക് വരെ കാര്യങ്ങൾ നീങ്ങി. അതിനിടയിലാണ് സിയാദ് കോക്കര്‍ എത്തിയതും, സിനിമയുടെ ഭാവി മാറി മറിഞ്ഞതും.

പതിവ് ശൈലിക്ക് വിപരീതമായി മോഡേണ്‍ മേക്കോവറുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. നാടന്‍ വേഷം മാത്രമല്ല മോഡേൺ വേഷത്തിലും താന്‍ അടിപൊളിയാണെന്നു താരം തെളിയിക്കുകയായിരുന്നു. താരത്തിന്റെ കരിയര്‍ ബ്രേക്ക് സിനിമ കൂടിയായിരുന്നു ഇതെന്ന് പറയാം. ആമിയുടെ വരവ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഉള്ളില്‍ വലിയൊരു കനലുമായി നടക്കുന്ന ആമിയുടെ സങ്കടത്തില്‍ പ്രേക്ഷകരും ഒപ്പം ചേരുകയായിരുന്നു. ആമിയായി മഞ്ജു വാര്യരെയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലെന്ന് പലരും പിന്നീട് പറഞ്ഞിട്ടുമുണ്ട്.

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ഹരികൃഷ്ണന്‍സ്, ദിലീപിന്റെ പഞ്ചാബി ഹൗസ് എന്നീ ചിത്രങ്ങളുമായാണ് സമ്മർ ഇൻ ബത്‌ലഹേം മത്സരിച്ചത്. ആ സിനിമയ്‌ക്കൊപ്പം ഒരുമിച്ച് റിലീസ് ചെയ്യുന്നത് ശരിയായ തീരുമാനമല്ലെന്നു പലരും പറഞ്ഞെങ്കിലും നിശ്ചയിച്ച ദിവസം തന്നെ സിനിമ എത്തുമെന്നായിരുന്നു സംവിധായകനും നിര്‍മ്മാതാവും പറഞ്ഞത്. എന്നാൽ ഹരികൃഷ്ണന്‍സിന് പിന്നാലെയായി മികച്ച സാമ്പത്തിക നേട്ടമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം സ്വന്തമാക്കിയത്. ജയറാമും സുരേഷ് ഗോപിയുമായിരുന്നു ആദ്യ പകുതി വരെ നിറഞ്ഞുനിന്നത്.

ക്ലൈമാക്‌സിന് മുമ്പായി മിനിറ്റുകളില്‍ മാത്രമാണ് മോഹന്‍ലാല്‍ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ താരം എത്തുന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും നേരത്തെ പുറത്തുവിട്ടിരുന്നില്ല. വലിയൊരു ട്വിസ്റ്റായിരുന്നു അന്ന് നല്‍കിയത്. മോഹന്‍ലാലിനെ കണ്ടപ്പോഴുള്ള ആരാധകരുടെ അമ്പരപ്പ് താനിന്നും ഓര്‍ത്തിരിക്കുന്നുണ്ടെന്നും സിബി മലയില്‍ പറഞ്ഞിരുന്നു. നിരഞ്ജനെന്ന ജയില്‍ പുള്ളിയായാണ് മോഹന്‍ലാല്‍ എത്തിയത്. ആമി ജീവനോളം സ്‌നേഹിക്കുന്ന നിരഞ്ജനെ ഡെന്നീസ് കാണുന്നത് നിരഞ്ജൻ തൂക്കുകയറിലേക്ക് പോവുന്നതിനിടയിലാണ്.

കമല്‍ഹാസനെയായിരുന്നു ഈ നിരഞ്ജനായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീടത് മോഹന്‍ലാലിലേക്ക് എത്തുകയായിരുന്നു.
നായകരേയും നായികയേയും കടത്തിവെട്ടുന്ന തരത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രകടനം. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ മോഹൻലാൽ അതേറ്റെടുക്കുകയായിരുന്നു എന്ന് സംവിധായകൻ പറയുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അതിഥിയായെത്തി സിനിമ തന്നെ കവര്‍ന്നെടുക്കുകയായിരുന്നു താരം. മലയാളി പ്രേക്ഷകർ ഇന്നും കാണാൻ കാത്തിരിക്കുന്ന എവർഗ്രീൻ ചിത്രമാണിതെന്നു തന്നെ പറയാം. ഇന്നും ടെലിവിഷനിൽ കാണുമ്പോൾ ഏറെ ആസ്വാദകരാണ് ഈ ചിത്രത്തിനുള്ളത്.