രാജാവിന്റെ മകന്റെ പട്ടാഭിഷേകം കഴിഞ്ഞിട്ട് ഇന്നേക്ക് 33 വർഷം

·

·

കുറച്ച് മുന്നേ ഉള്ള കഥയാണ് ഒരു 39 വർഷം മുന്നേ ഉള്ള കഥ, അന്ന് മലയാള സിനിമ ലോകത്തേക്ക് ഒരു ചെറുപ്പകാരൻ കാറിന്റെ ഡോർ തുറന്നു നായികയെ തടഞ്ഞു നിർത്തി ഇങ്ങു വന്നു ‘ഫസ്റ്റ് ടെക്ക് ഒക്കെ’. എടുത്ത് പറയത്തക്ക ആകാരഭംഗിയൊന്നും ഇല്ലാതെ, അല്പം സ്ത്രൈണതയുള്ള വില്ലനായി ഒരു വരവ് ആ ഒരു ഒന്നൊന്നര എൻട്രയിൽ ആ സിനിമയിലെ നായകൻ ശങ്കർ ഒന്നുമല്ലാതായീ മാറിയ ആ സീൻ കേരള സിനിമാലോകം ഏറ്റെടുത്തിട്ട് ഇന്നേക്ക് 39 വര്ഷം കഴിഞ്ഞു. വില്ലനായി 1980 ഡിസംബറിൽ അരങ്ങേറ്റം കുറിച്ച നടൻ. പിന്നീട് ഒരുപാട് വില്ലൻ വേഷങ്ങൾ. വില്ലനിൽ നിന്നും സ്വഭാവ നടനിലേക്ക് അവിടെ നിന്നും സഹനടനിലേക്ക്. സഹനടനിൽ നിന്നും നായക വേഷങ്ങളിലേക്ക്. അതും കോമഡി ചെയ്യുന്ന നായക വേഷങ്ങൾ. മലയാള സിനിമയിൽ നായക കഥാപാത്രങ്ങൾ സ്വാഭാവികമായി കോമഡി ചെയ്തു തുടങ്ങിയത് വില്ലനായി അരങ്ങേറ്റം കുറിച്ച മോഹൻലാലിലൂടെയാണ് എന്നത് കൗതുകകരമായതും ഒപ്പം തന്നെ വിസ്മയിപ്പിക്കുന്ന ഒരു കാര്യമാണ്. കോമഡി വേഷങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ ആക്ഷൻ വേഷങ്ങളും മോഹൻലാൽ ചെയ്തിരുന്നു.

കേവലം 6 വർഷങ്ങൾക്കുള്ളിലാണ് മോഹൻലാൽ മേല്പറഞ്ഞ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് മലയാളികളുടെ പ്രിയപെട്ടവനായീ മാറിയത്. മലയാള സിനിമ ലോകത്തിന്റെ താര രാജാവിന്റെ കിരീട ധാരണമായിരുന്നു “രാജാവിന്റെ മകൻ”. July 17 1986. തമ്പി കണ്ണന്താനത്തിന്റെയും ഡെന്നിസ് ജോസഫിന്റെയും വിൻസന്റ് ഗോമസ് എന്ന ആ രാജകുമാരൻ വന്നിട്ട് ഇന്നേക്ക് 33 വർഷങ്ങൾ. “രാജുമോന്‍ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്?? ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കീരിടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു, ‘Prince”രാജകുമാരന്‍”രാജാവിന്റെ മകന്‍’, Yes Iam a Prince, Underworld prince. അധോലോകങ്ങളുടെ രാജകുമാരന്‍..” അതെ, മോഹൻലാൽ എന്ന മലയാള സിനിമ കണ്ട ഏറ്റവും വലിയ താരം പിറന്നിട്ട് ഇന്നേക്ക് 33 വർഷങ്ങൾ.

വിൻസന്റ് ഗോമസ് എന്ന പവർഫുൾ നായകനെ സംവിധായകൻ പ്രേക്ഷകർക്ക് പരിചയപെടുത്തിയത് ഒന്ന് നോക്കാം, കാറിൽ നിന്നിറങ്ങി കോടതിയിലേക്ക് നടന്ന് പോകുന്ന വിൻസന്റ് ഗോമസ്. പക്ഷെ കോടതിയിലേക്ക് കയറി പോകുന്ന വിൻസന്റ് ഗോമസിന്റെ ഫോട്ടൊ എടുക്കുന്ന ഫോട്ടൊഗ്രാഫറെ തീവ്രമായി നോക്കുന്നതിലൂടെ, അത് കണ്ട് ഫോട്ടൊഗ്രാഫർ ക്യാമറയിൽ നിന്നും ഫിലിം റോൾ എടുത്ത് കളയുന്നതിലൂടെ വിൻസന്റ് ഗോമസ് എന്ന ഡോൺ കഥാപാത്രം എത്രമാത്രം ശക്തനാണെന്ന് സംവിധായകൻ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തു. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആയി മോഹൻലാൽ തോള് ചെരിച്ചു നടന്നു കയറിയത് രാജാവിന്റെ മകനിലൂടെ ആണ്, അതും തന്റെ 26 ആം വയസിൽ. മലയാള സിനിമ ചരിത്രത്തിൽ വേറെ ഒരു നടനും മോഹൻലാലിനെ പോലെ 26 ആം വയസിൽ ഒരു ഇൻഡസ്ടറിയുടെ നെടുംതൂണ് ആയിട്ടില്ല എന്നത് തന്നെ വളരെ അതിശയിപ്പിക്കുന്ന കാര്യമാണ്. മോഹൻലാലിനു മുമ്പും മലയാള സിനിമയിൽ ഒരുപാട് നടന്മാർ/താരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു നടന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിലെ തിയറ്ററുകൾ പൂരപ്പറമ്പ് ആകുക, സിനിമയ്ക്കു ടിക്കറ്റ് കിട്ടാതെ ആളുകൾ അടുത്ത ഷോയ്ക്ക് വേണ്ടി കാത്തു നിൽക്കുക തുടങ്ങിയ കാര്യങ്ങൾ ഒക്കെ കൂടുതൽ കണ്ടു തുടങ്ങിയതു രാജാവിന്റെ മകനിലൂടെ ആണ്, അല്ലെങ്കിൽ മോഹൻലാലിലൂടെ ആണ് എന്നതാണ് സത്യം.

ക്ലൈമാക്സിൽ പരാജയപ്പെടുന്ന, മരിച്ചു വീഴുന്ന നായകനെയാണ് തമ്പി കണ്ണന്താനവും ഡെന്നിസ് ജോസഫും കൂടി മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത്, കേരളം അതുവരെ കണ്ടിരുന്ന സിനിമയുടെ ക്ലിഷെകളിൽ നിന്നും വ്യത്യസ്തം ആയ ക്ലൈമാക്സ്, അത് ഒരു ധൈര്യം തന്നെ ആയിരുന്നു. ഇനി നായകൻ ക്ലൈമാക്സിൽ മരിച്ചാലും വില്ലൻ മരിച്ചെന്നു ഉറപ്പു വരുത്തിയിട്ടേ മരിക്കൂ, മരിക്കുന്നതിന് മുമ്പുള്ള നായകന്റെ കഥാപ്രസംഗം തുടങ്ങിയവ. നായകന് പ്രണയിക്കാൻ വേണ്ടി മാത്രം ഒരു നായിക, തുടങ്ങിയവയെല്ലാം സ്ക്രിപ്റ്റിലെ ധൈര്യങ്ങൾ തന്നെയാണ്. പിന്നെ നായകന് പ്രണയിക്കാൻ വേണ്ടി പരിപൂർണ്ണ പവിത്രതയും വിശുദ്ധയും ആയ ഒരു നായികാ (മലയാള സിനിമയുടെ ഇവർ ഗ്രീൻ ക്ലിഷെ) അത് രാജാവിന്റെ മകൻ എന്ന സിനിമയിൽ ഉണ്ടായിരുന്നില്ല. ഒരവസരത്തിൽ വിൻസെന്റ് ഗോമസ് നാൻസിയോട് തന്റെ പ്രണയം പറയുന്നുണ്ടെങ്കിലും അത് നാൻസി നിരസിക്കുന്നതിലൂടെ അധോലോക നായകനായ കഥാപാത്രം പരാജയപ്പെടുകയാണ്. അധോലോക നായകന്റെയും ആഭ്യന്തരമന്ത്രിയുടെയും ശത്രുതയുടെ കഥ പറഞ്ഞ രാജാവിന്റെ മകൻ എന്ന സിനിമയ്ക്കു അന്നുവരെ നമ്മൾ കണ്ട് ശീലിച്ച സിനിമകളിൽ നിന്നും വ്യത്യസ്തമായിരുന്നു. തിരശ്ശീലയിൽ വിൻസന്റ് ഗോമസ് വെടിയുണ്ടകൾ ഏറ്റ് മരിച്ച് വീഴുമ്പോൾ സിനിമ ആരാധകരായ ലക്ഷങ്ങളുടെ ഹൃദയത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ താരം ജനിക്കുകയായിരുന്നു. മോഹൻലാൽ എന്ന നടൻ അന്നത്തെ കുട്ടികളുടെയും യുവാക്കളുടെയും ഹരമായത് രാജാവിന്റെ മകനിലൂടെയാണ്.

തിരക്കഥയും അതിമനോഹരമായ സംഭാഷങ്ങളും ആണ് സിനിമയുടെ രാജാവിന്റെ മകന്റെ നട്ടെല്ല് എന്ന് പറയാം കുറച്ച് ഉദാഹരണങ്ങൾ നോക്കാം ,
“മൈ ഫോണ്‍ നമ്പര്‍ ഈസ് 2255″. “വിന്‍സന്റ് ഗോമസിനെ ചതിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല” “പണ്ട് വായിച്ചിട്ടുണ്ട്..പരിശുദ്ധമായ ഒരു ഗ്രാമം,ആമ്പൽകുളങ്ങളും മുക്കുറ്റി പൂക്കളും…കാത്തിരിക്കാൻ ഒരു അമ്മിണികുട്ടി…അങ്ങനെ ഒരു അപ്പും അമ്മിണികുട്ടീം ഈ ലോകത്തു എവിടെയെങ്കിലും കാണോ…ചിലപ്പൊ കാണുമായിരിക്കും,ഭാഗ്യം ചെയ്തവർ”
“രാജുമോന്‍ ഒരിക്കൽ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്” ”കുഴുപ്പള്ളി തോമ, കൊണ്ടൊട്ടി മൂസ, തീപ്പൊരി കേശവൻ” “മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും” തുടങ്ങിയവ ഒരു കാലഘട്ടത്തിൽ കേരളം ഏറ്റുപറഞ്ഞിരുന്ന സംഭാഷണങ്ങൾ ആയിരുന്നു. അതിൽ “രാജുമോന്‍ ഒരിക്കൽ എന്നോട് ചോദിച്ചു” സീനിൽ എത്ര ഗംഭീരമായിട്ടാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്, എത്ര മനോഹരമായിട്ടാണ് ആ സംഭാഷണങ്ങൾ പറഞ്ഞിരിക്കുന്നത്. പണ്ട് സിനിമകളുടെ ശബ്ദരേഖ ഓഡിയോ കാസറ്റ് ആയി ഇറക്കിയിരുന്നു, പാട്ടുകൾ കേൾക്കുന്നത് പോലെ അത് എല്ലാവരും കേൾക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ ഏറ്റവും ഹിറ്റായ ശബ്ദരേഖ രാജാവിന്റെ മകന്റേതാണ്..

രാജാവിന്റെ മകന്റെ കഥ തമ്പി കണ്ണന്താനം ആദ്യം പറയുന്നത് അന്ന് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന നടനോടായിരുന്നു. 3 സിനിമകൾ എടുത്ത് പരാജയപ്പെട്ട തമ്പി കണ്ണന്താനത്തിനോട് ‘പോയി സംവിധാനം പഠിച്ചിട്ട് വരൂ’ എന്നാണ് നടൻ അന്ന് പറഞ്ഞത്. അന്ന് നടന്റെ മുഖത്ത് നോക്കി തമ്പി കണ്ണന്താനം പറഞ്ഞത് ”ഞാനിത് മറ്റവനെ വെച്ച് ചെയ്യും, ആ സിനിമ വന്ന് കഴിഞ്ഞാൽ പിന്നെ അവന്റെ താഴെയായിരിക്കും നിന്റെ സ്ഥാനം”. മലയാള സിനിമയിലെ ഏറ്റവും ദീർഘവീക്ഷണം ഉള്ള സംവിധായകൻ. മോഹൻലാലിനൊപ്പം രതീഷ്, അംബിക, സുരേഷ് ഗോപി, മോഹൻ ജോസ് തുടങ്ങിയ നടീനടന്മാരും നല്ല പ്രകടനം കാഴ്ച്ചവെച്ചു. സിനിമയിൽ മോഹൻലാലിന്റെ കോസ്റ്റ്യൂംസും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജാവിന്റെ മകനിൽ സംഗീതത്തെ കുറിച്ച് പറയുകയാണെങ്കിൽ SP വെങ്കിടേഷിന്റെ മാന്ത്രിക സ്വരങ്ങളും സ്വരമാധുരിയുമാണ് സിനിമയുടെ മറ്റൊരു വിജയം അന്ന് സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടു.

TP ബാലഗോപാലനും ഗാന്ധിനഗറും ഒക്കെ മോഹൻലാൽ എന്ന നടനെ ജനപ്രിയൻ ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ള സിനിമകൾ ആണെങ്കിലും രാജാവിന്റെ മകൻ എന്ന സിനിമയാണ് മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയതെന്ന് നിസംശയം പറയാം. 33 വർഷങ്ങൾക്കിപ്പുറവും രാജാവിന്റെ മകൻ എന്ന സിനിമയും വിൻസന്റ് ഗോമസും എന്ന കഥാപാത്രവും ഡയലോഗുകളും ഇന്നും മായാതെ നില്ക്കുന്നു പ്രേക്ഷക മനസിൽ. 1986 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളായ സിനിമകളിൽ ഒന്ന് രാജാവിന്റെ മകനാണ്. മലയാള സിനിമയിൽ ആക്ഷൻ ജോണറിലുള്ള സിനിമകളിൽ മുൻനിരയിൽ രാജാവിന്റെ മകൻ ഉണ്ട്. ആക്ഷൻ മൂഡിലുള്ള സിനിമകളുടെ കുത്തൊഴുക്കിന് കാരണമായതും രാജാവിന്റെ മകന്റെ മികച്ച ബോക്സ് ഓഫീസ് വിജയം തന്നെയാണ്. മോഹൻലാൽ എന്ന നടനെ രാജാവിന്റെ മകൻ എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്, നിർമ്മാതാവും സംവിധായകനുമായ തമ്പി കണ്ണന്താനം, പിന്നെ വിൻസന്റ് ഗോമസായി നിറഞ്ഞാടിയ മോഹൻലാൽ എന്നിവരോട് ഒരുപാട് ഇഷ്ടത്തോടെ സിനിമയുടെ ഇ 33 ആം വർഷവും സിനിമയെ നെഞ്ചിനകത്ത് തന്നെ സൂക്ഷിച്ചുകൊണ്ട് നിർത്തുന്നു.