വെള്ളിത്തിരയിലെത്താതെ പോയ മോഹൻലാൽ ചിത്രങ്ങൾ

·

·

,

മലയാള സിനിമയിൽ മാത്രമല്ല, ലോക സിനിമ മുഴുവൻ അംഗീകരിച്ച നടന വിസ്മയമാണ് മോഹൻലാൽ എന്ന അഭിനയ പ്രതിഭ. പതിറ്റാണ്ടുകളായി അഭ്രപാളിയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അദ്ദേഹം. 80 – 90 ദശകങ്ങളിൽ അദ്ദേഹം അഭിനയിച്ച വേഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് മലയാള സിനിമ കണ്ട സൂപ്പർതാര പദവിയിലേക്ക് ഉയരുകയായിരുന്നു അദ്ദേഹം. പിന്നീട് മോഹൻലാൽ എന്ന നടന് വേണ്ടി മാത്രം കഥകൾ സൃഷ്ടിക്കപ്പെട്ടു തുടങ്ങി. സിനിമ പ്രേമികൾക്ക് എക്കാലവും ഓർത്തിരിക്കാനാവുന്ന വിധത്തിൽ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച പ്രതിഭയാണ് മോഹൻലാൽ. നടൻ എന്നതിലുപരി നല്ലൊരു ഗായകനും കൂടിയാണ് താനെന്ന് അദ്ദേഹം മുൻപ് തന്നെ തെളിയിച്ചിട്ടുള്ളതാണ്. അഭിനേതാവ്, ഗായകൻ, നിർമ്മാതാവ് തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം സംവിധാന മേഖലയിൽ കൂടി കയ്യൊപ്പു പതിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

മലയാളത്തിന് മാത്രമല്ല, അന്യഭാഷകളിലും അദ്ദേഹം സിനിമ പ്രേമികളുടെ ഇഷ്ട്ട താരമാണ്. നായകനായി മോഹൻലാലിനെ തീരുമാനിച്ച് പിന്നീട് അദ്ദേഹത്തിന് ചെയ്യാൻ കഴിയാതെ വരികയും ആ വേഷം മറ്റു നടൻമാർ ചെയ്യുകയും ചെയ്ത സിനിമകളുമുണ്ട്. അതേസമയം, അദ്ദേഹത്തിന്റെ പുറത്തുവരാത്ത ചിത്രങ്ങളുമുണ്ട്.

ഓസ്‌ട്രേലിയ

മോഹൻലാലിൻറെ ആരും അറിയാതെ പോയൊരു സിനിമയായിരുന്നു ഓസ്‌ട്രേലിയ. രാജീവ്‌ അഞ്ചല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു ‘ഓസ്ട്രേലിയ’. സുരേഷ് കുമാറിന്റെ നിര്‍മ്മാണത്തില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും കാര്യങ്ങള്‍ വിചാരിച്ചതുപോലെ സുഗമമായി മുന്നോട്ട് പോയില്ല. ചില തടസ്സങ്ങള്‍ സിനിമയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചതോടെ ചിത്രം ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. വൻ തുക ചിലവാക്കിയാണ് ചിത്രം ഒരുങ്ങിയിരുന്നത്. കാർ റേസിങ്ങിന്റെ പശ്ചാത്തലത്തിലാണ് ചിത്രം തയ്യാറാക്കിയിരുന്നത്. ബഡ്ജറ്റ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുകയായിരുന്നു പിന്നീട്. അതോടെ ചിത്രം നീണ്ടു പോയി.

തുടര്‍ന്ന് ഇതേ ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ബട്ടര്‍ഫ്ലൈസ്’. കോമഡി ത്രില്ലറായാണ് ചിത്രം പുറത്തുവന്നത്. ഓസ്‌ട്രേലിയ എന്ന ചിത്രത്തിലെ ചില രംഗങ്ങളാണ് ബട്ടർഫ്‌ളൈസ് എന്ന സിനിമയിൽ പുനരാവിഷ്‌ക്കരിച്ചത്. ചിത്രത്തിലെ പാട്ടുകളിലാണ് കൂടുതലായും രംഗങ്ങൾ ഉൾപ്പെടുത്തിരിക്കുന്നത്. നടി ഐശ്വര്യ ചിത്രത്തിൽ ഇരട്ട വേഷങ്ങളെയാണ് കൈകാര്യം ചെയ്തിരുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആർട്സ്, സുദേവ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്. 1993 ലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ബ്രഹ്മദത്തൻ

വെള്ളിത്തിരയിലെ വെളിച്ചം കാണാതെ പോയ മറ്റൊരു മോഹൻലാൽ ചിത്രമായിരുന്നു ബ്രഹ്മദത്തൻ. കമൽഹാസനെ നായകനാക്കി പുറത്തിറങ്ങിയ സൂരസംഹാരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ഒരുക്കാൻ തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ബ്രഹ്മദത്തൻ. അനിൽ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. അദ്ദേഹം സംവിധാനം ചെയ്ത അടിവേരുകൾ, ദൗത്യം എന്നീ സിനിമകൾ വിജയം നേടിയതാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാനുള്ള വഴിയൊരുക്കിയത്. എന്നാൽ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങൾ ഉണ്ടാകുകയും ഇത് പിന്നീട് സിനിമ മുടങ്ങി പോകാനും കാരണമായി. തുടർന്ന് ഈ ചിത്രം സുരേഷ്ഗോപിയെ നായകനാക്കി ഐ. വി ശശി സംവിധാനം ചെയ്ത് വെള്ളിത്തിരയിലെത്തിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. സുരേഷ്‌ഗോപിയെ നായകനാക്കി ‘ദി സിറ്റി’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയത്. ബ്രഹ്മദത്തൻ ആയിരുന്നു വെളിച്ചം കാണാതെ പോയ പ്രതീക്ഷയുള്ളൊരു മോഹൻലാൽ ചിത്രം. എന്നാൽ ദി സിറ്റി പരാജയപ്പെട്ടതോടെ ആ പ്രതീക്ഷകളും മങ്ങുകയായിരുന്നു.

ധനുഷ്‌കോടി

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യാനൊരുങ്ങിയ ചിത്രമായിരുന്നു ‘ധനുഷ്‌കോടി’. 1989 ലാണ് ചിത്രത്തിനായി തയ്യാറെടുപ്പുകൾ നടന്നത്. മോഹൻലാൽ, ശ്രീനിവാസൻ, രഘുവരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം പ്ലാൻ ചെയ്തിരുന്നത്. എങ്കിലും സാമ്പത്തികമായ ചില കാരണങ്ങൾ കൊണ്ട് സിനിമ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ‘ചെന്നൈ നഗരത്തിൽ നടക്കുന്ന മയക്കു മരുന്ന് മാഫിയയുടെ നേതാവിനെ പിടികൂടാൻ പത്ര പ്രവർത്തകന്റെ വേഷത്തിൽ എത്തുന്ന പോലീസുക്കാരൻ, അവിടെ തന്റെ പഴയൊരു സുഹ്യത്തിനെ കണ്ടുമുട്ടുന്നു. അദ്ദേഹം ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ ജോലിക്കാരനാണ്. സുഹ്യത്തിനോട് പോലീസുക്കാരൻ തന്റെ മിഷനെ കുറിച്ച് വിശദിക്കരിക്കുന്നു. പിന്നീട് കേസ്സന്വഷണത്തിന്റെ ഒരു പ്രധാനഘട്ടത്തിൽ പോലീസുക്കാരൻ മനസ്സിലാക്കുന്നു മയക്കു മരുന്ന് മാഫിയയുടെ തലവനു പിന്നിൽ യഥാർത്ഥത്തിൽ തന്റെ സുഹ്യത്താണെന്ന്.

അന്ന് ആ പോലീസുക്കാരനായ് ശ്രീനിവാസനും സുഹൃത്തായി മോഹൻലാലും മയക്കു മരുന്ന് വിതരണക്കാരന്റെ വേഷത്തിൽ രഘുവരനേയും നായികയായി വന്ദനത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഗിരിജ സേട്ടറേയുമാണ് തീരുമാനിച്ചിരുന്നിരുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കിയിരുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരുന്നത് ടി.ദാമോദരനായിരുന്നു. എന്നാൽ, പ്രിയദർശൻ ചിത്രം വീണ്ടും വെള്ളിത്തിരയിലെത്തുകയാണെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. പക്ഷെ ഇതേകുറിച്ച് കൂടുതൽ വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല. ഇനി സിനിമ പുറത്തു വരികയാണെങ്കിലും ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചു പുതുമകളോടെയായിരിക്കും ചിത്രം പുറത്തു വരിക. എന്തായാലും പ്രേക്ഷകർ എന്നും ആകാംഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ഇവരുടേത്.

സ്വർണ്ണച്ചാമരം

ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ചിത്രമായിരുന്നു സ്വർണ്ണച്ചാമരം. മോഹൻലാൽ, ശിവാജി ഗണേശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരുന്നത്. മോഹന്‍ലാലിനൊപ്പം ശിവാജി ഗണേശനും നാഗേഷും നെടുമുടി വേണുവുമൊക്കെ ഒന്നിയ്ക്കുന്ന ചിത്രമായാണ് കൊണ്ടുതന്നെ വലിയ ഹൈപ്പാണ് ചിത്രത്തിന് ചിത്രീകരണത്തിന് മുൻപുതന്നെ ലഭിച്ചത്. രാജീവ്‌നാഥാണ് സംവിധാനം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ സംവിധാനശൈലി കണ്ടപ്പൊ ശിവാജി ഗണേശൻ ആദ്യമേ സംശയം പ്രകടിപ്പിച്ചിരുനെന്നും, പത്തറുപത്തഞ്ചുലക്ഷം ആയപ്പോൾ
ചിത്രീകരണം നിർത്തുകയായിരുനെന്നും നിർമ്മാതാവ് വി ബി കെ മേനോൻ പിന്നീട് പറഞ്ഞിട്ടുണ്ട്. തുടർന്ന് ജോൺപോളും നെടുമുടിയും പ്രിയദർശനുമെല്ലാം ഒരുമിച്ചിരുന്ന് മറ്റൊരു പ്രൊജക്ട് ശരിയാക്കി. അതാണ് പ്രതാപ് പോത്തൻ സംവിധാനംചെയ്ത യാത്രാമൊഴി.

Related: കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കേണ്ടത് ജഗതി ശ്രീകുമാറിനെ ആണ് : മോഹൻലാൽ

സ്വപ്നമാളിക

സിനിമയുടെ തിരക്കഥ രചനാ രംഗത്തും മോഹൻലാൽ പരീക്ഷണം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. എന്നാൽ അങ്ങനൊന്ന് ഉണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമയാണ് സ്വപ്നമാളിക. അതെ ലേബലോടുകൂടിയാണ് ആ ‘ഡ്രീം പ്രൊജക്റ്റ്’ തുടങ്ങിയതും. കെ.എ ദേവരാജൻ സംവിധാനം ചെയ്ത സ്വപ്നമാളിക ഏറെ പ്രതീക്ഷയോടെയാണ് ഒരുക്കിയിരുന്നത്. എന്നാൽ സിനിമ ചില സാങ്കേതികപരമായ കുരുക്കുകളിൽ പെട്ട് കിടക്കുകയാണ് ഇപ്പോഴും.

ചക്രം

മോഹൻലാൽ, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചിത്രം. ഇന്ന് ബോളിവുഡ് സിനിമാലോകം കീഴടക്കിയ വിദ്യാബാലൻ സിനിമാലോകത്തേക്ക് ചുവടുവച്ചു കാലമായിരുന്നു അത്. വിദ്യയായിരുന്നു ചിത്രത്തിലെ നായിക. മലയാള സിനിമാപ്രേമികളുടെ മനസ്സില്‍ ഒരു സ്വപ്നമായി വളര്‍ന്ന പ്രോജക്റ്റ് ഏതാനും ദിവസത്തെ ചിത്രീകരണത്തിനുശേഷം ഉപേക്ഷിക്കപെടുകയായിരുന്നു. പിന്നീട് ആ സിനിമ ലോഹി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്തപ്പോള്‍ അഭിനേതാക്കാള്‍ എല്ലാംതന്നെ മാറിപ്പോയിരുന്നു. വടക്കേ ഇന്ത്യയിലേക്ക് ട്രക്ക് ഓടിച്ചുപോകുന്ന ഡ്രൈവറായി ലാലേട്ടനും, ആ വണ്ടിയുടെ ക്ലീനറായി ദിലീപും വരുന്നതായിരുന്നു ചക്രത്തിന്‍റെ കഥ. ഇവരുടെ യാത്രക്കിടയില്‍ ഒരു പെണ്‍കുട്ടിയെ കിട്ടുന്നതും , ചീട്ടുകളിക്കിടയിൽ ട്രക്കും , പെണ്‍കുട്ടിയേയുമൊക്കെ പണയം വെക്കേണ്ടി വരുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഈ പെണ്‍കുട്ടിയെ അന്വേഷിച്ച് നായകന്‍ നടത്തുന്ന യാത്രകളിലൂടെയായിരുന്നു സിനിമ സഞ്ചരിച്ചിരുന്നത്. എന്നാൽ ആ സിനിമ പകുതിയിൽ വച്ച് നിന്ന് പോകുകയായിരുന്നു. ഈ ചിത്രം പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് വെള്ളിത്തിരയിലെത്തിച്ചു.

ഇങ്ങനെ മലയാളസിനിമ ലോകത്തിനു നഷ്ട്ടമായിപോയ ഒരുപിടി നല്ല ചിത്രങ്ങൾ ഇന്നും തിരശ്ശീലക്കു പിന്നിൽ ഉറങ്ങി കിടപ്പുണ്ട്. ഇത് മോഹൻലാൽ ചിത്രങ്ങളുടെ മാത്രം വിവരമാണ്. മലയാള സിനിമക്ക് നിർഭാഗ്യം കൊണ്ട് പെട്ടിക്കുള്ളിലാക്കേണ്ടി വന്ന ചിത്രങ്ങളുടെ പട്ടിക നീണ്ടു തന്നെ കിടപ്പുണ്ട്.