എന്റെ സിനിമകൾ ലാൽ കണ്ടതിനേക്കാൾ കൂടുതൽ ലാലിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് : മമ്മൂട്ടി

·

·

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളാണ് നമ്മുടെ ബിഗ് – എം’സ്. കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും. മലയാളത്തിന്റെ സൂപ്പർ താരങ്ങൾ എന്ന നിലയിൽ ഇരു കൂട്ടർക്കും ഫാൻസ് ഗ്രൂപ്പുകൾ ഉണ്ട്. അവർ തമ്മിൽ വാക്ക് പോരുകളും , അല്ലറ ചില്ലറ ശീത യുദധ സമാനമായ അവസ്ഥകളുമായീ സോഷ്യൽ മീഡിയയിലും ഏറ്റുമുട്ടാറുണ്ട്. എന്നാൽ ഏറ്റവും വലിയ സത്യം ഇവർ ഏറ്റവും നല്ല സുഹൃത്തുക്കൾ ആണെന്നാണ്. ഇരു കൂട്ടരുടെയും ഫാൻസുകാരുടെ മത്സരബുദ്ധിയും അന്തംഫാനിസവും ഒഴിവാക്കിയാൽ ഇവർ തമ്മിലുള്ള ബന്ധം എന്നും ദൃഢവും ആത്മാർത്ഥവുമാണ്. ഏകദേശം 54 സിനിമകളോളം ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ സിനിമയിൽ തന്നെ അത്ഭുതാവഹമായ ഒരു റെക്കോർഡാണ്. മറ്റൊരു ഇൻഡിസ്‌ട്രിയിലും അവിടത്തെ സൂപ്പർതാരങ്ങൾ ഇത്രയും സിനിമകൾ ഒന്നിച്ചഭിനയിച്ചിട്ടില്ല. ഈ സിനിമകൾ എല്ലാം തന്നെ ബോക്സ്‌ ഓഫീസ് കീഴടക്കിയവയായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമകളും വേദികളും എക്കാലവും ആരാധകർക്ക് ഉത്സവപ്രതീതി സമ്മാനിക്കാറുണ്ട്. ഊഷ്മളവും കരുത്തുറ്റതുമായ ഇവരുടെ സ്നേഹം ഒരുപക്ഷെ ആരാധകർ വിസ്മരിക്കുമായിരിക്കും എന്നാലും എന്നും എപ്പോഴും ഇരുവരുടെയും സൗഹൃദവും സ്നേഹവും അതിന്റെ തീവ്രത ഒട്ടും ചോരാതെ തന്നെ നിലനിന്നുപോരുന്നു. മമ്മൂട്ടി ഒരഭിമുഖത്തിൽ മോഹൻലാലയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുന്നത്. മമ്മൂട്ടി പറഞ്ഞ വാക്കുകളിലേക്ക്.

അത് ഇങ്ങനെ ആണ് – “അടൂർ ഭാസിക്ക് തിക്കുറുശ്ശിയിൽ ഉണ്ടായ മകനാണ് മോഹൻലാൽ എന്ന് അക്കാലത്ത് ഞാൻ പറയുമായിരുന്നു. പക്ഷേ അതൊരു തമാശയ്ക്ക് പറഞ്ഞതാണ്. എന്നിരുന്നാലും അതിനു ശേഷം മോഹൻലാൽ ഒരുപാട് വളർന്നു. ഒരു നടനെന്ന നിലയിലും ഒരു സൂപ്പർതാരമെന്ന നിലയിലും ഇന്ന് ഈ കാണുന്ന മോഹൻലാൽ ആയി മാറി. മോഹൻലാലിന്റെ സിനിമകൾ അദ്ദേഹത്തെക്കാൾ ഒരുപക്ഷേ ഞാൻ ആയിരിക്കും കൂടുതൽ കാണുന്നത്. എന്റെ സിനിമകൾ ലാൽ കണ്ടതിനേക്കാൾ കൂടുതൽ ലാലിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. മോഹൻലാൽ അങ്ങനെ എല്ലാ സിനിമകളും കാണുന്ന കൂട്ടത്തിലുള്ള ഒരാൾ അല്ല എന്ന് തോന്നിയിട്ടുണ്ട്. ഞാൻ പക്ഷേ എല്ലാ സിനിമകളും കാണാറുണ്ട്. അതിനുശേഷം ഞങ്ങൾ തമ്മിൽ കാണുമ്പോൾ അദ്ദേഹത്തോട് ആ സിനിമകളെ പറ്റി ചർച്ച ചെയ്യാറുണ്ട്. സംസാരിക്കാറുണ്ട്. ഒരേ കാലഘട്ടത്തിൽ ഏതാണ്ട് ഒരേ സമയം ഒരേ പോലെ വളർന്നു വന്നവരല്ലേ ഞങ്ങൾ. പരസ്പരം ഞങ്ങൾക്ക് രണ്ടുപേർക്കും നന്നായി ഞങ്ങളെ അറിയാം.” ഇരുവരുടെയും ആരാധകർക്ക് പരസ്പരം തമ്മിൽ തല്ലാനുള്ള രണ്ടു പേരുകളാണ് മമ്മൂട്ടിയും മോഹൻലാലും എങ്കിലും മമ്മൂട്ടി വളരെ ആത്മാർത്ഥതയോടെയും സ്നേഹത്തോടെയും മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഇവർ തമ്മിലുള്ള സൗഹൃദം എന്നും മലയാളസിനിമയ്ക്ക് അഭിമാനമായി തന്നെ പൂർവാധികം ദൃഢമായി ഇന്നും തുടരുകയാണ്.