ജീവിതത്തില്‍ അഭിനയിക്കാത്ത താരജാഡകളില്ലാത്ത ഹാസ്യത്തിന്റെ തമ്പുരാന്‍: കൊച്ചിൻ ഹനീഫാ

·

·

,

കൊച്ചിൻ ഹനീഫ എന്ന സലീം മുഹമ്മദ് ഘൗഷ്, 1951 ഏപ്രിൽ 22-ന് എറണാകുളത്താണ് ജനിച്ചത് . പരേതരായ വെളുത്തേടത്ത് മുഹമ്മദും ഹാജിറയുമായിരുന്നു മാതാപിതാക്കൾ. ഇവരുടെ രണ്ടാമത്തെ മകനായിരുന്നു ഹനീഫ. തെന്നിന്ത്യൻ സിനിമയിലെ ഒഴിവാക്കാൻ സാധികാത്ത ഒരു നടനും, സം‌വിധായകനും, തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. മലയാളത്തിലും തമിഴിലും അഭിനയിക്കുകയും, ചിത്രങ്ങൾ സം‌വിധാനം ചെയ്യുകയും ചെയ്യുകയും, തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച 1970 കളിലാണ് ഹനീഫ തന്റെ സിനിമ ജീവിതം വില്ലൻ വേഷങ്ങളിലൂടെ തുടങ്ങുന്നത്. അഷ്ടവക്രൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 1972ല്‍ അഴിമുഖം എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച ഒരു തുടക്കം എന്ന് വേണമെങ്കിൽ പറയാം. പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സമാനതകളില്ലാത്ത സ്ഥാനം കരസ്ഥമാക്കിയ ഹനീഫ തമിഴിൽ സം‌വിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യ നടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന്‍റെ പ്രിയപ്പെട്ട ലോഹിതദാസ് വഴിതിരിച്ചു വിട്ട നടനജീവിതമായിരുന്നു കൊച്ചിന്‍ ഹനീഫയുടേത്. ലോഹി തിരക്കഥയെഴുതിയ ‘കിരീടം’ എന്ന ചിത്രത്തിലെ ഹൈദ്രോസ് എന്ന വേഷത്തിലൂടെയാണ് ഹാസ്യകഥാപാത്രങ്ങളുടെ ലോകത്തേക്ക് ഹനീഫ കടക്കുന്നത്. ധൈര്യവാനായി അഭിനയിക്കുന്ന ഒരു നാടന്‍ ചട്ടമ്പിയായിരുന്നു ഹൈദ്രോസ്. ഗംഭീരമായാണ് ഹനീഫ ആ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നത്. അങ്ങനെ കിരീടത്തിന്‍റെ രണ്ടാം ഭാഗമായ ചെങ്കോലില്‍ ഹൈദ്രോസ് എന്ന തമാശക്കഥാപാത്രത്തിന്‍റെ ജീവിതത്തിന്‍റെ മറുപുറവും ഹനീഫ പ്രതിഫലിപ്പിച്ചു. ജനാര്‍ദ്ദനനെ ഒഴിച്ചുനിര്‍ത്തിയാല്‍, ഹനീഫയെപ്പോലെ ഇത്രവലിയ ഇമേജ് മാറ്റം സംഭവിച്ച ഒരു നടനും മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെ കൊച്ചിന്‍ ഹനീഫ തന്‍റെ വില്ലന്‍ കഥാപാത്രങ്ങളെ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതാണ് കണ്ടത്. (ഭീഷ്മാചാര്യ പോലുള്ള ചില ചിത്രങ്ങളില്‍ ഹനീഫ വീണ്ടും വില്ലന്‍ വേഷം കെട്ടിയെങ്കിലും അത് ഹനീഫയിലെ ഹാസ്യതാരത്തെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ തന്നെ പരാജയമാക്കി മാറ്റി). ഇപ്പോഴും കൊച്ചിന്‍ ഹനീഫ എന്ന നടനെ മിമിക്രിക്കാര്‍ അനുകരിക്കുന്നത് ഹൈദ്രോസ് എന്ന കഥാപാത്രത്തിലൂടെയാണ്.

ലോഹിദാസും കൊച്ചിൻ ഹനീഫയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമാണ് ലോഹിദാസിന്റെ സ്ക്രിപ്റ്റിൽ മ്മൂട്ടിയെ നായകനാക്കി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത, അവർ ഒരുമിച്ച വാത്സല്യം. സിനിമകളിലൂടെ ഹനീഫയുടെ ഏറ്റവും അടുത്ത സുഹൃത്തായി ലോഹിതദാസ് മാറിയിരുന്നു. ഒരിക്കല്‍ ലോഹിതദാസ് ഒരു പുതിയ വീട് വാടകയ്ക്കെടുത്തപ്പോള്‍ അന്ന് അവിടെയുണ്ടായിരുന്ന കൊച്ചിന്‍ ഹനീഫയാണ് പാലുകാച്ചല്‍ കര്‍മ്മം നിര്‍വഹിച്ചത്. ലോഹിതദാസ് അതേപ്പറ്റി തമാശയായി പറഞ്ഞത് ഇങ്ങനെയാണ് – “പാലുകാച്ചലിന് ഒരു വി ഐ പിയെ കൊണ്ടുവരണമെന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് ഹനീഫ എത്തിയത്. ഇതിലും വലിയൊരു വി ഐ പി ആരാണ്?”.

വാത്സല്യം എന്ന ചിത്രത്തിലൂടെ സംവിധാന മികവ് ആണ് ആ സിനിമയുടെ മലയാളികൾ ഇന്നും സ്നേഹിക്കുന്നതിന്റെ കാരണം . ഹനീഫ സംവിധാനം ചെയ്ത ഏറ്റവും നല്ല ചിത്രമാണ് അത്. അനുഗ്രഹീതനായ ഈ നടനില്‍ അതിലേറെ മാധ്യമബോധമുള്ള ഒരു സംവിധായകന്‍ ഉണ്ടെന്ന് വിളിച്ചറിയിച്ച സിനിമയായിരുന്നു വാത്സല്യം. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, എന്നീ ചിത്രങ്ങളും കൊച്ചിൻ ഹനീഫ സംവിധാനം ചെയ്തതാണ്. ഇത് കൂടാതെ കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായും കഴിവ് തെളിയിച്ച വ്യെക്തിയാണ് കൊച്ചിൻ ഹനീഫ. വില്ലന്‍ വേഷങ്ങളിലൂടെ ആരംഭിച്ച് ഹാസ്യകഥാപാത്രങ്ങളിലേക്ക് ചേക്കേറിയ അദ്ദേഹം മലയാളത്തിലും തമിഴിലുമായി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. മലയാളത്തില്‍ പഞ്ചാബി ഹൗസ്, മഴത്തുള്ളി കിലുക്കം, ചക്കര മുത്ത്, അരയന്നങ്ങളുടെ വീട്, സൂത്രധാരന്‍, കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. ഇതിൽ തന്നെ ചക്കരമുത്തിലെ തുന്നല്‍ക്കാരന്‍, അരയന്നങ്ങളുടെ വീട്ടിലെ ഭീമന്‍‌ശരീരമുള്ള മണ്ടനായ അഭിഭാഷകന്‍, സൂത്രധാരനിലെ റിക്ഷാക്കാരന്‍, കസ്തൂരിമാനിലെ കുഴഞ്ഞാട്ടക്കാരനായ വീട്ടുടമസ്ഥന്‍ തുടങ്ങിയവ ഹനീഫയ്ക്ക് ലോഹിതദാസ് സമ്മാനിച്ച മികച്ച ഹാസ്യ കഥാപാത്രങ്ങളാണ്. പിന്നീട് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതിൽ പ്രശസ്തനാവുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001-ൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി. ഹനീഫ എന്നാണറിയപ്പെട്ടിരുന്നത്. തലശ്ശേരി സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ. 1994-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സഫ, മാർവ്വ എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. ഇരട്ടകളായ ഇവർ 2006-ലാണ് ജനിച്ചത്. കുട്ടികൾ ജനിച്ച് 4 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് കരൾ രോഗം ബാധിക്കുകയായിരുന്നു. ഗുരുതരമായ രീതിയിൽ കരൾ രോഗം ബാധിച്ച് തുടങ്ങിയപ്പോൾ അദ്ദേഹത്തെ 2010 ജനുവരി അവസാനവാരത്തിൽ ചെന്നൈ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഫെബ്രുവരി 2-ന്‌ വൈകീട്ട് 3.45 ഓടെ അന്തരിക്കുകയും ചെയ്തു.