മലയാള സിനിമയിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ദൃശ്യം. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം അന്യഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാൽ എന്ന അതുല്യ നടന്റെ വിസ്മയകരമായ പ്രകടനവും ജിത്തു ജോസഫ് എന്ന സംവിധായകന്റെ മേക്കിങ് മികവും കൊണ്ട് മോളിവുഡിലെ തന്നെ മികച്ച സിനിമയായി ഇപ്പോഴും ദൃശ്യം നിലനിൽക്കുന്നു. ഒരു ചിത്രം മാത്രമേ ജിത്തു ജോസഫും മോഹൻലാലും ഒരുമിച്ച് ചെയ്തിട്ടുള്ളൂവെങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾക്കായി പ്രേക്ഷകർ വീണ്ടും കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടനെ ഏറ്റവും മികവാർന്ന രീതിയിൽ ഉപയോഗിക്കാൻ ജിത്തു ജോസഫ് എന്ന സംവിധായകൻ കഴിയുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമ കൊണ്ട് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മോഹൻലാൽ ആരാധകർക്കിടയിൽ ഒരു ജിത്തു ജോസഫ് ചിത്രത്തിനായി വലിയ രീതിയിലുള്ള കാത്തിരിപ്പാണ് ഇപ്പോൾ ഉണ്ടാകാറുള്ളത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് അത്തരത്തിൽ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കാൻ പോവുകയാണ് എന്ന വാർത്തയാണ് പുതിയതായി എത്തിയിരിക്കുന്നത്.
ഇരുവരും ഒന്നിക്കുന്ന ചിത്രം നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ഇതുവരെയുള്ള ജിത്തു ജോസഫിന്റെ സിനിമകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ ആയിരിക്കും ഈ ചിത്രം അണിയിച്ചൊരുക്കുക. തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ മോഹൻലാലിന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ മലയാളത്തിലെ ഒരു പ്രധാന നടൻ ഉണ്ട് എന്നാണ് സൂചന. കൂടുതൽ ഔദ്യോഗികമായ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ.