അഭിനേതാവ് എന്ന നിലയിൽ നിന്ന് നിർമ്മാതാവായിക്കൂടി തിളങ്ങുകയാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താരം തന്റെ നിർമ്മാണകമ്പനിയുടെ ലോഗോ പുറത്തു വിട്ടിരുന്നത്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേരിട്ടു എന്നതാണ് പുതിയ വാർത്ത. ഒരുകൂട്ടം പുതുമുഖങ്ങള്‍ സാങ്കേതികപ്രവര്‍ത്തകരായി എത്തുന്ന ചിത്രത്തിന്റെ പേര് ‘മണിയറയിലെ അശോകന്‍’ എന്നാണ്. രമേശ് പിഷാരടിയാണ് ഈ പേര് നിര്‍ദേശിച്ചതെന്ന് ഇത് സംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നു.
ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഛായാഗ്രഹണവുമൊക്കെ പുതുമുഖങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ഷംസു സൈബയാണ് സംവിധാനം. ഛായാഗ്രഹണം സജാദ് കക്കു. വിനീത് കൃഷ്ണന്‍, മഗേഷ് ബോജി എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ശ്രീഹരി കെ നായര്‍ സംഗീതസംവിധാനം. ഷുഹൈബ് എസ്ബികെ സ്റ്റില്‍ ഫോട്ടോഗ്രഫി. ഇതില്‍ സംവിധാനകന്റെയും ഛായാഗ്രാഹകന്റെയും പേരുകള്‍ മാത്രമാണ് നേരത്തേ പുറത്തുവന്നിരുന്നത്.
ഇതടക്കം മൂന്ന് സിനിമകള്‍ ഇതിനകം അനൗണ്‍സ് ചെയ്തിരുന്നുവെങ്കിലും നിര്‍മ്മാണക്കമ്പനിയുടെ പേര് പുറത്തുവന്നതും വൈകിയാണ്. വേഫെയറര്‍ ഫിലിംസ് എന്നാണ് കമ്പനിയുടെ പേര്. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സുകുമാരക്കുറുപ്പായി അഭിനയിക്കുന്ന ‘കുറുപ്പ്’, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വേഫെയറര്‍ ഫിലിംസ് ഇതിനകം അനൗണ്‍സ് ചെയ്ത മറ്റ് രണ്ട് സിനിമകള്‍.