സിനിമയിൽ നായകനെ യഥാർത്ഥ നായകനാകുന്നത് ശരിക്കും പ്രതിനായകന്മാരാണ്. വില്ലനായി സിനിമയിലെത്തി പിന്നീട് മുൻനിര നായകന്മാരായി മാറിയവരും മലയാളത്തിലുണ്ട്. ആദ്യ സിനിമയിൽ വില്ലനായി വേഷമിട്ട് പിന്നീട് ആ സിനിമയുടെ പേരിൽ തന്നെ തുടർന്നങ്ങോട്ട് അറിയപ്പെട്ട അനേകം നടന്മാരും, ആദ്യ കഥാപാത്രം മികച്ചു നിന്നതു കൊണ്ട് സിനിമയിൽ പിന്നീട് പ്രതിനായക വേഷങ്ങൾ മാത്രം ലഭിച്ച നടന്മാരും നമ്മുടെ സിനിമ ലോകത്തുണ്ട്. നായകന്റെ തല്ലു വാങ്ങി മാത്രം ശീലിക്കാതെ നായകനെ പ്രതിരോധിച്ചും ശക്തമായി എതിർത്തും വെള്ളിത്തിരയിൽ പ്രതിഭ പ്രകടിപ്പിച്ച പല നടന്മാരുമുണ്ട്. നമുക്കിടയിൽ കാണുന്ന നർമ്മം കലർന്ന വില്ലൻ മുതൽ നമ്മുടെ സങ്കൽപ്പങ്ങൾക്ക് ഒരുപടി മുകളിലായി നിൽക്കുന്ന പ്രതിനായകന്മാർവരെ വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. നായകന്റെ നിഴലിനു പിന്നിൽ ഒതുങ്ങിപ്പോകാതെ പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ട്ട നേടിയെടുത്ത മലയാളികൾക്ക് മറക്കാനാകാത്ത പ്രതിനായകന്മാർ…
നരേന്ദ്രന്‍ ( മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ )
1980 കളിലെ മലയാള സിനിമയിൽ തിളങ്ങിനിന്ന വില്ലൻ കഥാപാത്രങ്ങൾക്ക് വെല്ലുവിളി ഉയർത്തിയാണ് നരേന്ദ്രൻ എന്ന പ്രതിനായകന്റെ വരവ്. സൗമ്യനായി കടന്നുവന്ന് ചെറുപുഞ്ചിരിയിലൂടെ ഉള്ളിലെ ക്രൗര്യം പതിയെ പുറത്തെടുക്കുന്ന നരേന്ദ്രൻ പിന്നീട് മലയാള സിനിമ കണ്ട മികച്ച നായകനായത് പിന്നീടുള്ള കഥ. പ്രതിനായകനായി വന്ന് എണ്ണമറ്റ ആരാധകരെ ഉണ്ടാക്കിയെടുത്ത കഥാപാത്രമായിരുന്നു നരേന്ദ്രനെ അവിസ്മരണീയമാക്കിയ മോഹൻലാൽ. പതിയെ ഒഴുകിപ്പോകുന്ന സിനിമയിൽ പ്രേക്ഷകനെ ഒരു നിമിഷം നിശ്ചലമാക്കുന്ന കഥയുടെ വഴിത്തിരിവായി കടന്നു വരുന്ന വില്ലൻ. മലയാളത്തിന് ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച ഫാസിലിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കളെന്ന ഈ ചിത്രം. മോഹൻലാലിൻറെ ജീവിതത്തിൽ വഴിത്തിരിവായതും ഈ ചിത്രമാണ്. പൂർണ്ണിമ ജയറാം, സംഗീത സംവിധായകൻ ജെറി അമൽ ദേവ്, എന്നിവരുടെയും ആദ്യ സിനിമ. നടൻ ശങ്കറിന്റെ ആദ്യ മലയാള ചിത്രം.
ശങ്കർ നായകനായി എത്തിയപ്പോൾ പ്രതിനായകനായെത്തിയ മോഹൻലാൽ പിന്നീട് മലയാള സിനിമ അടക്കി വാഴുന്ന താരമായി മാറി. മുടി വളർത്തി, ഉള്ളിലെ ക്രൗര്യം മുഖത്തു കാണിക്കാതെ പുഞ്ചിരിയുടെ മൂടുപടമണിഞ്ഞു നിന്ന നരേന്ദ്രനെന്ന പ്രതിനായകനെ മലയാള സിനിമ എങ്ങനെ മറക്കാനാണ്..
പവനായി ( നാടോടിക്കാറ്റ് )
മലപ്പുറം കത്തിയും മിഷ്യന്‍ ഗണും അമ്പും വില്ലുമെല്ലാമായി കൊല്ലാനെത്തിയ പവനായിയെ നോക്കി വിജയന്‍ ദാസനോട് ചേദിക്കുന്നത് ‘ദാസാ എതാ ഈ അലവലാതി’ എന്നാണ്. പക്ഷെ പ്രേക്ഷകർ ആ പാവനായിയെ ഏറ്റെടുത്തു. 1987 ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘നാടോടിക്കാറ്റ്’ എന്ന സിനിമയിലൂടെയാണ് പവനായി മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച് ആയുധങ്ങളുമായി പവനായി മദിരാശി പട്ടണത്തിലെത്തി. നഗരത്തില്‍ അലഞ്ഞു നടക്കുന്ന ദാസനെയും വിജയനെയും കൊലപ്പെടുത്താനെത്തിയ ആ കില്ലര്‍ പക്ഷെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയായിരുന്നു. ഒടുവില്‍ അണ്ണാനഗറിലെ ഒരു ടവറില്‍ നിന്ന് വീണ് പവനായി മരിച്ചപ്പോള്‍ ‘പവനായി ശവമായി’ എന്ന വാക്ക് മലയാളത്തില്‍ ഒരു തരംഗം തന്നെയായി മാറി. ട്രോളുകളിലൂടെ പവനായിയും പവനായി ശവമായി എന്ന വാക്കും ഇന്നും കേരളക്കരയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു.
അരിങ്ങോടർ ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ ക്യാപ്റ്റൻ രാജുവിനിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയിട്ടുണ്ടെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ അദ്ദേഹം എക്കാലത്തും പവനായി തന്നെയാണ്. മലയാളികളെ നിർത്താതെ ചിരിപ്പിച്ച പവനായി നർമ്മം കലർന്ന വില്ലൻ വേഷങ്ങളിലെ മികച്ച കഥാപാത്രമാണ്. പരുക്കനായ ഒരു മനുസ്യനിൽ നിന്ന് പ്രേക്ഷകർ ഒരിക്കലും അത്തരമൊരു കഥാപാത്രത്തെ പ്രതീക്ഷിച്ചു കാണില്ല. പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു പവനായി. ക്യാപ്റ്റൻ രാജുവെന്ന നടനെ നമ്മളിന്നും ഓർക്കുന്നത് ഒരുപക്ഷെ പവനായി എന്ന കഥാപാത്രത്തിലൂടെ തന്നെയായിരിക്കും.
കീരിക്കാടന്‍ ജോസ് ( കിരീടം )
കിരീടം എന്ന സിനിമയിൽ നായകനായ സേതുമാധവനോളം തന്നെ പ്രാധാന്യമുണ്ട് പ്രതിനായകനായ കീരിക്കാടൻ ജോസിന്. നടൻ മോഹൻരാജാണ് ചിത്രത്തിലെ കീരിക്കാടൻ ജോസിനെ വെള്ളിത്തിരയിലെത്തിച്ചത്. പിന്നീട് പ്രേക്ഷകരുടെ ഇടയിൽ മോഹൻരാജ് അറിയപ്പെട്ടത് കീരിക്കാടൻ ജോസ് എന്നായിരുന്നു. അതിൽ നിന്ന് തന്നെ ആ കഥാപാത്രത്തെ സിനിമ പ്രേമികൾ എത്രമാത്രം ഏറ്റെടുത്തെന്ന് മനസിലാക്കാം. സേതുമാധവനെന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം നിമിഷനേരം കൊണ്ട് തകർത്തെറിഞ്ഞ് അയാളെ വെറുമൊരു കവല ചട്ടമ്പിയാക്കി മാറ്റുന്ന ക്രൂരനായ വില്ലൻ. അയാളുടെ കണ്ണുകളിൽ പോലും നമ്മൾ ആ പകയെ കണ്ടിട്ടുണ്ട്. സേതുമാധവൻ കീരിക്കാടൻ കൊല്ലാൻ തുനിയുമ്പോൾ നമ്മളും കൂടെ നിന്നിട്ടുണ്ട്. അവസാനം സേതുമാധവന്റെയും അയാളുടെ അച്ഛൻ അച്യുതൻ നായരുടെയും സകല സ്വപ്നങ്ങളും ഇല്ലാതാക്കിയ കീരിക്കാടൻ നമ്മൾ വെറുത്തിട്ടുണ്ട്. ആ വെറുപ്പാണ് ഒരുപക്ഷെ മോഹൻരാജ് എന്ന നടൻ നേടിയെടുത്ത വിജയം.
ജോണ്‍ ഹോനായ് ( ഇന്‍ഹരിഹര്‍ നഗര്‍ )
ജോണ്‍ ഹോനായ്, മലയാളികള്‍ എളുപ്പത്തില്‍ ഈ പേര് മറക്കില്ല. ‘ഇന്‍ഹരിഹര്‍ നഗര്‍’ എന്ന സിനിമയില്‍ അമ്മച്ചിയുടെ നിധികള്‍ അടങ്ങിയ ആ പെട്ടി തേടി എത്തുന്ന വില്ലന്‍ അത്രകണ്ട് ഹിറ്റായിരുന്നു. റിസബാവ എന്ന സുന്ദരനായ വില്ലനായിരുന്നു ആ വേഷത്തെ അനശ്വരമാക്കിയത്. തരികിട പരിപാടികളും വായ്‌നോട്ടവും അൽപ്പസ്വൽപ്പം കള്ളത്തരങ്ങളുമൊക്കെയായി ഒരു ചുറ്റി നടക്കുന്ന നാൽവർ സംഘത്തിന്റെ ജീവിതത്തിലേക്ക് പെട്ടെന്നൊരിക്കൽ കടന്നുവരുന്ന ജോൺ ഹോനായിയെ മലയാളി എങ്ങനെ മറക്കാനാണ് അല്ലെ.. മലയാളിയെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു ഇൻ ഹരിഹർ നഗർ. സിദ്ധിഖ്- ലാൽ കൂട്ടുകെട്ടിലെ രണ്ടാമത്തെ സിനിമ. അത്രയും നേരം കുടുകുടെ ചിരിച്ച പ്രേക്ഷകരെയും ആകാംക്ഷയിൽ നിർത്തുന്ന വരവായിരുന്നു റിസബാവയുടെ ജോണ് ഹോനായ്. പുതുമയുള്ള വില്ലൻ കഥാപാത്രമായിരുന്നു ഹോനായ്. റിസബാവയെന്ന നടന് താര മൂല്യവും പ്രേക്ഷക ശ്രദ്ധയും നേടി കൊടുത്ത ചിത്രം ഇൻ ഹരിഹർ നഗർ തന്നെയാണെന്ന് പറയാം. ചിത്രത്തിന്റെ മൂന്നുഭാഗങ്ങൾ പുറത്തിറങ്ങിയപ്പോഴും നമ്മൾ ഓർത്തിരുന്ന കഥാപാത്രം ജോണ് ഹോനായ് തന്നെയാണ്. തുടർ ചിത്രങ്ങളിൽ ആ കഥാപാത്രം ഇല്ലാതിരുന്നിട്ടു കൂടി. മലയാളി പ്രേക്ഷകർക്ക് മറക്കാനാകാത്ത വില്ലനാണ് റിസബാവയിലൂടെ പിറന്ന ജോണ് ഹോനായ്.
മുണ്ടക്കല്‍ ശേഖരന്‍ (ദേവാസുരം, രാവണ പ്രഭു)
മംഗലശ്ശേരി നീലകണ്ഠനെയും മുണ്ടക്കൽ ശേഖരനെയും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ആജന്മ ശത്രുക്കളായ അവരെ നമുക്കു മുന്നിൽ അവതരിപ്പിച്ചത് മോഹൻലാലും നെപ്പോളിയനുമായിരുന്നു. മുണ്ടക്കൽ ശേഖരനെന്ന പ്രതിനായകനില്ലെങ്കിൽ ഒരുപക്ഷെ മംഗലശ്ശേരി നീലകണ്ഠൻ അത്രമാത്രം നമ്മെ ആകർഷിക്കില്ലായിരുന്നു. നടന്മാരിൽ അസുരന്മാരായിരുന്നു നമുക്ക് നീലകണ്ഠനും ശേഖരനും. രണ്ടുപേരും അവസാനം വരെ നമുക്കു മുന്നിൽ നിറഞ്ഞാടുന്നുണ്ട്. ദേവാസുരവും രാവണപ്രഭുവും ഈ രണ്ടു കഥാപാത്രങ്ങളിലൂടെ തന്നെയാണ് പ്രേക്ഷകനിൽ എത്തുന്നത്. മംഗലശ്ശേരി നീലകണ്ഠനെന്ന മോഹൻലാലിൻറെ കഥാപാത്രത്തിനോളം തന്നെ എത്തി നിൽക്കുന്നുണ്ട് നെപ്പോളിയന്റെ മുണ്ടക്കൽ ശേഖരനും. അതുകൊണ്ടാണ് വർഷങ്ങൾക്കിപ്പുറം രാവണപ്രഭുവായി മംഗലശ്ശേരി നീലകണ്ഠന്റെ മകൻ കാർത്തികേയൻ എത്തിയപ്പോഴും ഒരു മഹാമേരുവിനെ പോലെ പ്രതിനായകനായി ശേഖരൻ തന്നെ എത്തിയതും. ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന വില്ലൻ കഥാപാത്രമാണ് മുണ്ടക്കൽ ശേഖരൻ.
മോഹന്‍ തോമസ് ( കമ്മീഷണര്‍ )
തിളച്ച ലോഹത്തിനോളം ചൂടുള്ള നെടുനീളൻ ഡയലോഗുകൾ നായകന്റെ നാവിൽ നിന്നും വീഴുമ്പോൾ ഒരു ചെറുപുഞ്ചിരിയോടെ അതിനെ പാടെ ഇല്ലാതാക്കി കളയുന്ന മോഹൻ തോമസെന്ന വില്ലനെ മറക്കാൻ മലയാളി പ്രേക്ഷകന് സാധിക്കില്ലെന്ന് തീർച്ചയാണ്. ‘ ചര്‍ക്കയില്‍ നൂറ്റെടുത്ത ഖദര്‍ കൊണ്ട് നാണം മറയ്ക്കുന്ന പഴയ ദരിദ്രവാസി രാഷ്ട്രീയക്കാരന്റെയല്ല, അവനെയൊക്കെ അപ്പാടെ പടിയടച്ചു പിണ്ഡം വെച്ച് ഹൈടെക്കിലും, ബ്ലൂചിപ്പിലും, കംപ്യൂട്ടിങ്ങിലും, ബ്രെയിന്‍ ബാങ്കുകളിലുമെല്ലാം രാഷ്ട്രീയ സമസ്യകള്‍ക്കു ഉത്തരം കണ്ടെത്തുന്ന പുതിയ ഡല്‍ഹി. കോടികള്‍ കൊണ്ട് അമ്മാനം ആടുന്ന സമൃദ്ധയായ ഡല്‍ഹി, ‘ഐ ആം ബിലോങ്ങ് ദെയർ’ ഈ ഡയലോഗിന്റെ പ്രസക്തി ഇന്നത്തെ രാഷ്ട്രീയത്തില്‍ വലിയ രീതിയിലുണ്ടെന്ന് നമുക്കറിയാവുന്നതാണ്. ഒരു കാലത്ത് മലയാള സിനിമയിലെ നായകന്‍ ആയിരുന്ന രതീഷിന്റെ തിരിച്ചു വരവ് തന്നെ ആയിരുന്നു മോഹന്‍ തോമസ് എന്ന കഥാപാത്രം. തീപാറുന്ന നായകന്റെ സംഭാഷണങ്ങൾക്ക് മുന്നിൽ അടിപതറാതെ നിന്ന ആ പ്രതിനായകൻ എങ്ങനെയാണു പ്രേക്ഷക മനസ്സുകളിൽ നിന്ന് മാഞ്ഞുപോകുക. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പിറന്ന കമ്മീഷണർ എന്ന ചിത്രം സുരേഷ്‌ഗോപിയുടെ ഭരത്ചന്ദ്രൻ ഐപിഎസിനെ മാത്രമല്ല നമുക്ക് സമ്മാനിച്ചത്. മോഹൻ തോമസെന്ന മികവുറ്റ വില്ലനെ കൂടിയാണ്. നടൻ രതീഷിന്റെ എക്കാലത്തെയും ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഇന്നും മുന്നിലുള്ള വേഷമാണ് മോഹൻ തോമസ്.
റാംജി റാവു (റാംജി റാവു സ്പീക്കിങ് )
മലയാളത്തിലെ ചിരിചിത്രങ്ങളിൽ എപ്പോഴും ഓര്‍ത്തു വയ്ക്കുന്ന ഒരു പേരാണ് റാംജി റാവു സ്പീക്കിംഗ്. ഇപ്പോഴും അതിലെ ഓരോ രംഗങ്ങളും ചിരിയുണര്‍ത്തുന്നതാണ്. ബാലകൃഷ്ണനും ഗോപാലകൃഷ്ണനും മാന്നാര്‍ മത്തായിയും വെള്ളിത്തിരയിൽ നമ്മെ ചിരിപ്പിച്ചപ്പോൾ കഥയിലെ പാതി വഴിയിൽ കയറിവന്ന് നമ്മളെ ചിരിപ്പിച്ച വില്ലനെ മലയാളി മറക്കാനിടയില്ല. ഇന്നും റാംജി റാവു സ്പീക്കിങ് എന്ന് കേട്ടാൽ നായകന്മാരെക്കാൾ മനസിലേക്ക് ഓടിയെത്തുന്നത് ടൈറ്റിൽ കഥാപാത്രമായെത്തിയ ആ വില്ലൻ തന്നെയായിരിക്കും. സിദ്ധിഖ് – ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു റാംജി റാവു സ്പീക്കിങ്. സായ്‌കുമാർ, മുകേഷ്, ഇന്നസെന്റ്, രേഖ, ദേവൻ, എന്നിവർക്കൊപ്പം റാംജി റാവു ആയി നമ്മളിലേക്കെത്തിയ വിജയ രാഘവൻ നമ്മളെ ചിരിപ്പിച്ച വില്ലനായിരുന്നു. വിജയ രാഘവന്റെ നിരവധി വേഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇന്നും മികച്ച കഥാപാത്രങ്ങളിലൊന്നായി പ്രേക്ഷകർ വിലയിരുത്തുന്ന കഥാപാത്രമാണ് റാംജി റാവു.
ദിഗംബരന്‍ ( അനന്തഭദ്രം)
സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം ഏറെ ശ്രദ്ധിക്കപ്പെട്ടത് അനന്തൻ എന്ന നായകനെക്കാളും ദിഗംബരൻ എന്ന വില്ലനിലൂടെയാണ്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാന് ശേഷം മനോജ് കെ ജയന് ലഭിച്ച മികച്ച കഥാപാത്രമായിരുന്നു ദിഗംബരൻ. വേഷം കൊണ്ടും, അഭിനയം കൊണ്ടും, ആ വില്ലൻ നമ്മളെ കഥയിലുടനീളം നമ്മെ ഭയപ്പെടുത്തി. ദിഗംബരനായി അവിസ്മരണീയമായ പ്രകടനമാണ് മനോജ് കെ ജയൻ കാഴ്ചവച്ചത്. ആയിരം നായകന്മാർക്ക് ഒരു വില്ലൻ എന്ന തെളിയിക്കുന്ന വിധത്തിലാണ് മനോജ് കെ ജയന്റെ ദിഗംബരൻ എത്തിയത്. മാതൃക വിദ്യയുടെയും മന്ത്രവാദത്തിന്റെയും മായാപ്രപഞ്ചത്തിൽ വിഹരിക്കുന്ന ദിഗംബരനെ ഇത്രമാത്രം കരുത്തുറ്റതാക്കാൻ ഒരുപക്ഷെ മറ്റൊരു നടനും സിനിമ ലോകത്തില്ലെന്നു തന്നെ പറയാം. ആഭിചാര കർമ്മങ്ങളിലൂടെ പരകായ പ്രവേശം നടത്തി ലോകത്തെ ജയിക്കാൻ ഒരുങ്ങുന്ന ദിഗംബരൻ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രതിനായകൻ തന്നെയാണ്.
നായകന്മാരെക്കാൾ പ്രതിനായകന്മാർ പകർന്നാടിയ ചിത്രങ്ങൾ ഇനിയും മലയാളത്തിലുണ്ട്. ഇന്നും ഉണ്ടായികൊണ്ടേയിരിക്കുന്നു. പ്രതിനായകന്മാർക്കു മുന്നിൽ കീഴടങ്ങിയ നായകന്മാരും, നായകന്മാർ തന്നെ വില്ലന്മാരായെത്തിയ സിനിമകളും ആസ്വാദകർക്ക് മുന്നിലെത്തിയിട്ടുണ്ട്. മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്തിയ പ്രതിനായകന്മാർ ഇപ്പറഞ്ഞതിലേറെ ഇനി പറയാനുമുണ്ട്. സിനിമ എന്ന കല അവസാനിക്കാത്തിടത്തോളം മികച്ച നായകന്മാരും അവർക്കൊപ്പം നിൽക്കുന്ന പ്രതിനായകന്മാരും ഉടലെടുത്തുകൊണ്ടേയിരിക്കും.