വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. എൺപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. ഭാര്യ ഇന്ദിര, മക്കള്‍ ഡോ. മഞ്ജു, ശ്രീകാന്ത്.
നാല് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ. പക്ഷേ സൗന്ദര്യാഭിരുചിയുള്ള ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ഗണത്തില്‍ ഈ നാല് സിനിമകള്‍ കൊണ്ടുതന്നെ അദ്ദേഹം ഇടംപിടിക്കുകയും ചെയ്‍തു. ഭരതന്‍റെ വൈശാലി, ജി അരവിന്ദന്‍റെ വാസ്തുഹാര, സിബി മലയിലിന്‍റെ ധനം, ഹരികുമാറിന്‍റെ സുകൃതം. ഇങ്ങനെ മലയാളി സിനിമാപ്രേമികളുടെ മനസില്‍ എക്കാലവും ഇടംപിടിച്ച നാല് വ്യത്യസ്ത ചിത്രങ്ങള്‍. ഇതില്‍ രണ്ട് ചിത്രങ്ങളുടെ തിരക്കഥ എം ടി വാസുദേവന്‍ നായര്‍ ആയിരുന്നു.
അറ്റ്‍ലസ് രാമചന്ദ്രൻ അന്തരിച്ചു
കലയോടും സാഹിത്യത്തോടുമുള്ള അടുപ്പമാണ് രാമചന്ദ്രനെ പല ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ നിന്നും വേറിട്ടുനിര്‍ത്തിയത്. സാഹിത്യ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നതും. അച്ഛന്‍ കമലാകര മേനോന്‍ കവിയായിരുന്നു. വീട്ടിലെ അക്ഷരശ്ലോക സദസ്സുകള്‍ കേട്ടുവളര്‍മ്മതായിരുന്നു ആ ബാല്യം. എഴുത്തുകാരോട് അതിരുകളില്ലാത്ത ആരാധനയും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് അതിന്‍റെ സമ്മേളനമായ സിനിമയിലേക്ക് തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിതരണക്കാരന്‍, നടന്‍ എന്നീ നിലകളിലും ചലച്ചിത്ര മേഖലയിലെ സാന്നിധ്യമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. കൂടാതെ അറബിക്കഥ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒപ്പം ഒരു ചിത്രം സംവിധാനവും ചെയ്തു. 2010ല്‍ പുറത്തിറങ്ങിയ ഹോളിഡെയ്സ് ആയിരുന്നു ഒരേയൊരു സംവിധാന സംരംഭം