ഒരു സമയത്ത് മലയാള സിനിമയിൽ അലങ്കാര വസ്തുവാണ് സ്ത്രീകഥാപാത്രങ്ങൾ. ചില സിനിമകളിലെ നായികമാരെ കണ്ടാൽ അലങ്കാര വസ്തുവാക്കാൻ വേണ്ടി തന്നെ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചതുപോലെ ഉണ്ട്. ഇന്ന് സിനിമയിലെ കാഴ്ചപാടുകൾ അല്ലെങ്കിൽ കഥാപാത്രത്തിലെ ലിങ്ക വെത്യാസം, കാഴ്ചപാടുകൾ ഒരുപാട് മാറിയിട്ടുണ്ട്. ഇന്ന് സ്ത്രീ കേന്ദ്രീകൃത സിനിമകൾ അഥവാ നായിക പ്രാധാന്യമുള്ള സിനിമകൾ നിരവധിയാണ് എങ്കിലും. പൊതുവെ സിനിമ പുരുഷ കേന്ദ്രീകൃതം ആണ്. അതിനുദാഹരണമാണ് സൂപ്പർ സ്റ്റാർ പദവി ആണുങ്ങളുടെ കുത്തകയായി നിൽക്കുന്നത്. അതാണ് സിനിമ വ്യവസായം.
സ്ത്രീ സൂപ്പർസ്റ്റാറുകൾ എന്നു പറയാൻ ഇവിടെ എത്രപേർ ഉണ്ട്. വിരലിലെങ്കിലും എണ്ണാൻ ആരെങ്കിലും?. ഒരു നിസ്സംഗതയാണ് ഉത്തരം എങ്കിൽ പ്രതീക്ഷയ്ക്കു വകയുണ്ട്. വിവാഹം കഴിയുന്നതോടെ ഒരു അഭിനയ ജീവിതം അവസാനിച്ചു എന്ന് മുറയ്ക്ക് പറയുന്ന ക്ലീഷെയിൽ നിന്നും ഒരു മാറ്റത്തിന്റെ അലയൊലികൾ വന്നു തുടങ്ങി. തമിഴും മലയാളവും എന്തിനു ബോളിവുഡിൽ വരെ നമുക്ക് ഇ മാറ്റം കാണാം. ഇപ്പോൾ സിനിമ വിജയിക്കണമെങ്കിൽ നായകന്മാരുടെ ആവശ്യം ഇല്ല. കഴിഞ്ഞ കുറച്ചു നാളുകളായീ നമ്മൾ നായിക മാരുടെ സിനിമകൾ അല്ലെങ്കിൽ സ്ത്രീപക്ഷ സിനിമകൾ കാണുന്നവരാണ്. ആ സിനിമകളുടെ വിജയത്തിൽ കുറഞ്ഞൊരു ഉദാഹരണം മേല്പറഞ്ഞ വാക്യത്തിനില്ല. ഇന്ത്യൻ സിനിമയിലെ മിക്ക ഭാഷകളിലും സ്ത്രീ പ്രാധാന്യമുള്ള പ്രോജക്ടുകൾ രൂപപ്പെട്ടു വരുന്നു എന്നതാണ് ഏറ്റവും പുതിയ സ്വാഗതാർഹമായ വാർത്ത. നമ്മുടെ നായിക മാർ പലപ്പോഴും അവരുടെ നായിക പ്രാധന്യം നശിപ്പിക്കുന്നത് ഒരു പക്ഷെ ട്രെന്റിന് പിന്നാലെ പോയത് കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാള സിനിമയിൽ ഇ വിഷയം ഗൗരവമായി എടുത്താൽ ഒരുകാലത്ത് ഇവിടെ നായികപ്രധാന്യമുള്ള സിനിമകൾ ഒട്ടേറെയെത്തിയിരുന്നു. എന്നാൽ കുറേ വർഷങ്ങളായി മലയാള സിനിമയിൽ ഓരോ സിനിമയ്ക്കും ഓരോ നായിക എന്ന നിലയിൽ താരങ്ങൾ വന്നു പോകുന്ന ഒരു അവസ്ഥയായിരുന്നു. അപ്പോളും സൂപ്പർ സ്റ്റാർ നായകന്മാർ ഇവിടുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഷീലയും ശാരദയും ജയഭാരതിയുമൊക്കെ ആദ്യകാല മലയാള സിനിമയിൽ നായകനൊപ്പം തന്നെ പ്രാധാന്യമുള്ള നായിക കഥാപാത്രങ്ങൾ ചെയ്തിരുന്നവർ ആണ്. അന്ന് കാമ്പുള്ള, അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി അവർ അവരുടേതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ചിരുന്നു. 80 – 90 കാലഘട്ടങ്ങളിൽ നായക ആധിപത്യം കൂടുകയും നായിക പുട്ടിലെ പീര മാത്രം ആവുകയും ചെയ്തപ്പോൾ സൂപ്പർസ്റ്റാർ, മെഗാസ്റ്റാർ തുടങ്ങിയ വിശേഷണ പദങ്ങൾ മലയാള സിനിമയുടെ നട്ടെല്ല് എന്ന വിശേഷണം മലയാളികൾ തന്നെ പറഞ്ഞു ശീലിക്കാൻ തുടങ്ങി. പിന്നെ അതെ കാലഘട്ടത്തിൽ തന്നെ മഞ്ജു വാര്യരും, രേവതിയും ഊർവശിയുമൊക്കെ നായിക കഥാപാത്രങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന വേഷങ്ങൾ ചെയ്തു ശ്രദ്ധേയമായി. അവരുടെ തലമുറയ്ക്ക് ശേഷം മീര ജാസ്മിനും, കാവ്യാ മാധവനും, പദമപ്രിയയും , ഭാവനയും ഒക്കെ സിനിമയിൽ സജീവമായിരുന്നു എങ്കിലും നായകന്റെ പിന്നിൽ ആയിരുന്നു സ്ഥാനം അവരോടൊപ്പം വന്ന പല നടിമാരും ആ കാലഘട്ടത്തിൽ തന്നെ അന്യഭാഷാ ചിതങ്ങളിലേക്കു കൂടുതൽ ശ്രദ്ധ ചെലുത്തുന്നതും കാണാനായീ. പിന്നെ 2010 വരെ മലയാളത്തിൽ ഒരുപാട് നായികമാർ വന്നു പക്ഷെ ഓരോ സിനിമയ്ക്ക് ഓരോ നായികാ എന്ന നിലയിലും അല്ലെങ്കിൽ ഒരു സിനിമ കഴിഞ്ഞാൽ പിന്നെ തമിഴോ തെലുങ്കോ തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലേക്കും നായികമാർ പോയി തുടങ്ങി. 2010 മുതൽ മലയാള സിനിമയിൽ മാറ്റങ്ങളുടെ സമയമായിരുന്നു. നായകന്റെ നിഴലിൽ നിന്ന് ഒരു മോചനശ്രമത്തിന് സിനിമകൾ പരിശ്രമിച്ചു തുടങ്ങിയതിന്റെ നല്ല ലക്ഷണങ്ങൾ 2010 മുതലിങ്ങോട്ടുണ്ട്. ഒരു ഭാഗത്ത് താര സിനിമകൾ നേട്ടം കൊയ്യുമ്പോൾ മറുഭാഗത്ത് അപൂർവരാഗം, എൽസമ്മ എന്ന ആൺകുട്ടി, മമ്മി ആന്റ് മി, 22 ഫീമെയിൽ കോട്ടയം, റാണി പദ്മിനി, ഗദ്ദാമ, പ്രണയം, ഹൗ ഓൾഡ് ആർ യു, എന്ന നിന്റെ മൊയ്തീൻ, മിലി എന്നീ സ്ത്രീ കേന്ദ്രീകൃത സിനിമാ ശ്രമങ്ങളും 2010മുതൽ ഉണ്ടായി. വ്യത്യസ്ത രീതിയിലുള്ള സ്ത്രീപക്ഷ സിനിമയായിരുന്നു ഓം ശാന്തി ഓശാന. നായകന് പിന്നാലെ നടന്ന് പ്രേമിച്ചു വീഴ്ത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ച നസ്രിയ പുതിയ കാലഘട്ടത്തിലെ നായികാ നിരയിലേക്കുള്ള ഒരു പ്രതീക്ഷയായിരുന്നു. റിബലായ, പരമ്പാരഗത സങ്കൽപങ്ങൾക്ക് വിരുദ്ധമായി ജീവിക്കുന്ന നീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീന എന്ന സിനിമയും വ്യത്യസ്തത പുലർത്തി. ഇതിനിടയിലാണ് മഞ്ജുവാര്യരുടെ സിനിമയിലേയ്ക്കുള്ള രണ്ടാംവരവും പാർവതിയെപ്പോലുള്ള കാലിബറുള്ള നായികമാരുടെ മുന്നേറ്റവുമുണ്ടായത്. ഇതോടെ നായികാപ്രധാന്യമുള്ള സിനിമകൾക്ക് ജീവൻ വച്ചു തുടങ്ങി.
മഞ്ജുവാര്യരുടെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവിലൂടെ നായിക കേന്ദ്രീകൃത സിനിമളുടെ തിരക്കഥകൾ മലയാളത്തിൽ കൂടുതൽ ജനിക്കാൻ തുടങ്ങി, വിവാഹ ശേഷം വർഷങ്ങളോളം ഫീൽഡിൽ ഇല്ലാതിരുന്നിട്ടും തിരിച്ചു നായികയായി രംഗത്തെത്തുക എന്നത് പുതുമയാണ്. ആ ശ്രമം വിജയിച്ചു എന്ന് തന്നെ പറയാം പിന്നീട് മഞ്ജു ചെയ്ത എല്ലാ കഥാപാത്രങ്ങളും കാമ്പുള്ളവയായിരുന്നു. ഹൗ ഓൾഡ് ആർ യു മുതൽ ഇപ്പോളവസാനമായി അഭിനയിച്ച ലൂസിഫർ എന്ന സിനിമയിൽ വരെ നായിക പ്രാധാന്യം ഉള്ള സിനിമകളാണ് താരം ചെയ്തത് അതിൽ ഒന്ന് രണ്ടു സിനിമ നായക കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തതൊഴിച്ചാൽ മഞ്ജു അഭിനയിച്ച ചിത്രങ്ങളെല്ലാം നായികാ കേന്ദ്രീകൃതമായിരുന്നു.
എല്ലാ ചിത്രങ്ങൾക്കും കഴിഞ്ഞില്ലെങ്കിലും പുരുഷതാര സിനിമകൾക്കിടയിൽ ശ്രദ്ധനേടാൻ പല മഞ്ജു ചിത്രങ്ങൾക്കും കഴിഞ്ഞു. പാർവതിയാണ് പെണ്സിനിമകളുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. എന്നു നിന്റെ മെയ്തീനും , ടേക്ക് ഓഫും, ഉയരേയും ഒക്കെ പാർവതിയുടെ അഭിനയ പാടവം വിളിച്ചോതുന്ന സിനിമയായിരുന്നു. പാർവതിയെപ്പോലുള്ള ആർട്ടിസ്റ്റുകളുടെ സാന്നിധ്യം ഇവിടെ നായികാപ്രാധാന്യമുള്ള സിനിമകളുടെ ചിന്തകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അഞ്ജലി മേനോൻ, രേവതി , റോഷ്നി ദിനകർ തുടങ്ങിയവർ മലയാള സിനിമയിലേക്ക് കടന്നു വന്ന കരുത്തുറ്റ സ്ത്രീ സംവിധായകർ ആണ്. സിനിമ പരാജയമോ വിജയമോ എന്തോ ആയിക്കോട്ടെ അവരുടെ ആത്മവിശ്വാസത്തെ ഇവിടെ കണ്ടാൽ മതി. ഒപ്പം ഗീതുമോഹൻദാസ് നിവിൻപോളിയെ നായകനാക്കി ഒരുക്കുന്ന മൂത്തവൻ ചിത്രീകരണം ഏതാണ്ട് പൂർത്തിയായി.
തമിഴിലേയ്ക്കു വന്നാൽ നയൻതാര നടത്തുന്ന മുന്നേറ്റത്തെ ചെറുതായി കാണാനാവില്ല. ആദ്യകാലത്ത് ഗ്ലാമറിന്റെ പിൻബലത്തിൽ ശ്രദ്ധനേടിയ ഒരു നടി ഇപ്പോൾ അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നേടുന്ന വിജയം എടുത്തു പറയേണ്ടതു തന്നെ. ഡോറ, അറം, കൊലൈയുതിർകാലം,കോലമാവ് കോകില, ഇമൈക്ക നൊടികൾ.ഐറാ തുടങ്ങിയ നയൻതാര ചിത്രങ്ങളിൽ പേരിനാണ് നായകൻ. തന്റെ ചിത്രം കച്ചവടം ചെയ്യാൻ പേരെടുത്ത നായകന്മാരുടെ നിര വേണ്ട എന്ന നായികമാർക്കുള്ള ശുഭ സൂചനയാണ് നയൻതാര മുന്നോട്ട് വെയ്ക്കുന്നത്. ഇപ്പോൾ തൃഷയും ജ്യോതികയും ഒക്കെ കരുത്തുറ്റ കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കാൻ തുടങ്ങി. ജ്യോതിക കേന്ദ്രകഥാപാത്രമായ മകളീർമട്ടും എന്ന ചിത്രത്തിൽ പേരിനുപോലും നായകനില്ല. കാട്രിൻ മൊഴി മറ്റൊരു ഉദാഹരണം ഇപ്പോൾ റിലീസിങ്ങിന് ഒരുങ്ങുന്ന ജാക്പോട്ടിലും നായകനില്ല എന്നതും ശ്രദ്ധേയമാണ്. ഇ സിനിമയിൽ രേവതിയും നായികയാണ് എന്നതാണ് മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം. കഴിഞ്ഞ ദിവസം അമല പോൾ അഭിനയിച്ചു പുറത്തിറങ്ങിയ ആടൈ എന്ന ചിത്രം മുന്നോട്ടു വെയ്ക്കുന്നതും നായികമാരുടെ കാലമാണ് ഇനി സിനിമയിൽ എന്നാണ് അല്ലെങ്കിൽ നായകനൊപ്പമോ നായകനെക്കാളോ ഉയർന്ന സിനിമസ്റ്റാർ ബ്രാൻഡ് തങ്ങൾക്കും സ്വന്തമാക്കാൻ കഴിയും എന്നാണ്. തെലുങ്കിൽ ബാഹുബലി പ്രഭാസിനെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നതെങ്കിലും രമ്യാകൃഷ്ണനും അനുഷ്കയും ചിത്രത്തിന് നൽകുന്ന കരുത്ത് ചെറുതല്ല.
വീണ്ടും മലയാള സിനിമയിലേക്ക് തന്നെ വരാം ഒരു കാലത്ത് പുരുഷകേന്ദ്രീകൃതമായിരുന്ന ഒരു ഇൻഡസ്ട്രയിൽ ഇന്ന് നായികമാർ മുന്നേറുന്നതും., നായികമാരെയും, സ്ത്രീ കഥാപാത്രങ്ങളെയും മുൻ നിർത്തി തിരക്കഥകൾ രചിക്കുന്നതും. അത്തരം സിനിമകൾ കാണാൻ, നിർമിക്കാൻ ഇന്ന് ഇൻഡസ്ട്രിയിൽ ആളുകൾ ഉള്ളതും ഒപ്പം സ്ത്രീപക്ഷ രാഷ്ട്രീയം ആളുകൾ കാണാൻ ശ്രമിക്കുന്നതും അത് ചർച്ചാവിഷയം ആകുന്നതും ഒക്കെ നല്ലൊരു നാളെയുടെ ശുഭ സൂചനയാണ്. ഇനിയും നല്ല ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ വരവിനായി മലയാള സിനിമയുടെ വളരുന്ന നവോത്ഥാനത്തിനായി കാത്തിരിക്കാം.