സിനിമാലോകത്ത് ബോളിവുഡിൽ നിന്നാണ് കോടി ക്ലബ്ബുകളുടെ കണക്കുകള്‍ ആദ്യം വാര്‍ത്തകളില്‍ എത്തിയത്. പിന്നീട് തമിഴ് , തെലുങ്ക് തുടങ്ങി ഇപ്പോൾ മലയാളത്തിലും കോടി ക്ലബ്ബുകള്‍ എന്നത് വാർത്തകളെ അല്ലാതായിരിക്കുന്നു. ബോളിവുഡിന് പുറത്തേക്കു നോക്കുകയാണെങ്കിൽ തെലുങ്കില്‍ ഒറിജിനല്‍ ഇറങ്ങിയ എസ് എസ് രാജമൗലിയുടെ ‘ബാഹുബലി 2’ ആണ് എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ്. ബാഹുബലി 2ന്റെ ലൈഫ് ടൈം ബോക്‌സ്ഓഫീസ് കളക്ഷന്‍ 1,810 കോടി രൂപയാണ്. എന്നാൽ ലോകത്തിലെ തന്നെ വലിയ ബോക്സ്ഓഫീസ് വിജയങ്ങളുമായി വച്ച് നോക്കുമ്പോൾ ഇത് വളരെ ചെറുതാണെന്ന് തന്നെ പറയാം. ‘അവതാറി’ന്റെ റെക്കോര്‍ഡ് മറികടന്ന് ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയമായ ‘അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയി’മിന്റെ കളക്ഷന്‍ ‘ബാഹുബലി 2’ സ്വന്തമാക്കിയതിന്റെ പത്തിരട്ടിയിലധികം വരും. ബോക്സ് ഓഫീസ് കീഴടക്കിയ അത്തരം ചിത്രങ്ങൾ…
അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം (2019) 19,235 കോടി
ലോക സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുന്നു അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം. ജയിംസ് കാമറൂൺ ചിത്രം അവതാറിനെ തകർത്താണ് അവഞ്ചേഴ്‌സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വർഷങ്ങളായി അദ്ദേഹത്തിന്റെ തന്നെ അവതാറും ടൈറ്റാനിക്കുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. 2.88 ബില്യണ്‍ യു.എസ് ഡോളറാണ് അവഞ്ചേഴ്‌സ് ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്. അവതാറിനെ തകർക്കാൻ അവഞ്ചേർസ് വീണ്ടും റി–റിലീസ് ചെയ്യാൻ മാർവൽ തയാറായിരുന്നു. ഇതിനു പുറമെ ഓവർസീസ് റൈറ്റ്സിലൂടെ കിട്ടിയ തുകയും ചൈനയിലെ ചിത്രത്തിന്റെ കലക്‌ഷനും ബോക്സ്ഓഫീസ് കളക്ഷൻ വർധിക്കാൻ കാരണമായി. ആദ്യദിനം 50 കോടി നേടിയ ചിത്രം രണ്ടാം ദിനം നൂറുകോടി ക്ലബിൽ എത്തി. ഇന്ത്യയിൽ 300 കോടി ക്ലബിൽ എത്തുന്ന ആദ്യ ഹോളിവുഡ് ചിത്രമാണ് എൻഡ്ഗെയിം. ഡിസ്നിയുടെ ഓൺലൈൻ സ്ട്രീമിങ് സര്‍വീസ് ആയ ഡിസ്നി പ്ലസിലൂടെ ഡിസംബർ 11ന് എൻഡ്ഗെയിം ഇന്റർനെറ്റില്‍ റിലീസ് ചെയ്യും.
അവതാര്‍ (2009) 19,228 കോടി
സിനിമാ പ്രേമികളെ കാഴ്ചയുടെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ച അവതാര്‍ ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സിനിമയായിരുന്നു. ജെയിംസ് കാമറൂണിന്റെ അവതാർ എന്ന ചിത്രമാണ് ലോകത്തെ പണംവാരി ചിത്രങ്ങളിൽ ഇതുവരെ ഒന്നാം സ്ഥാനത്ത്. 1500 കോടി രൂപ മുടക്കി വര്‍ഷങ്ങള്‍ എടുത്ത് നിര്‍മ്മിച്ചതാണ് ചിത്രം. ഗ്രാഫിക്സ്സും യഥാര്‍ഥ ഷോട്ടുകളും തിരിച്ചറിയാനാകാത്തവിധം ഇണക്കിച്ചേര്‍ത്താണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 2D, 3D, Imax 3D ഫോര്‍മാറ്റുകളില്‍ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. പാണ്ടോറ എന്ന സാങ്കല്‍പ്പിക ഗ്രഹത്തിലേക്ക് അത്യാഗ്രഹികളായ മനുഷ്യര്‍ കടന്നുവരുന്നതും ഭൂമിയുടെ അതിജീവനത്തിനായി ഈ ഗ്രഹത്തിലുള്ള അമൂല്യധാതു കൊള്ളയടിക്കാനായി അവിടത്തെ അന്തേവാസികളായ നാവികളുമായി പോരടിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് ജെയിംസ് കാമറൂൺ.
ടൈറ്റാനിക്ക് (1997) 15,078 കോടി
ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1959-ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ടൈറ്റാനിക്. 2.18 ബില്യൻ ഡോളറായിരുന്നു ടൈറ്റാനിക്കിന്റെ കളക്ഷൻ. 2 ബില്യൻ ക്ലബിലെത്താൻ ടൈറ്റാനിക്കിന് വേണ്ടി വന്നത് 5233 ദിവസമായിരുന്നു. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ചിത്രവുമാണ് ജയിംസ് കാമറോണിന്റെ ടൈറ്റാനിക്.
അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ (2018) 14,119 കോടി
മാർവൽ കോമിക്സിനെ ആസ്പദമാക്കിയുള്ള ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച ഈ സിനിമ വിതരണംചെയ്തിരിക്കുന്നത് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സാണ്. 2012 ലെ ‘ദ അവേഞ്ചേഴ്‌സ്’, 2015 ലെ ‘അവേഞ്ചേഴ്‌സ് ; ഏജ് ഓഫ് അൽട്രോൺ’ എന്നീ സിനിമകളുടെ തുടർച്ചയായിരുന്നു അവേഞ്ചേഴ്‌സ് : ഇൻഫിനിറ്റി വാർ. ഇന്ത്യയില്‍ നിന്നുമാത്രം ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 40 കോടിയോളം രൂപയാണ്. 2018ലെ ആദ്യദിന കലക്ഷനില്‍ ഒന്നാമത് അവഞ്ചേഴ്‌സിനായിരുന്നു. ഭൂമിയെ നശിപ്പിക്കാന്‍ എത്തുന്ന താനോസ് എന്ന അതിശക്തിമാനായ വില്ലനെ നേരിടാന്‍ മാര്‍വല്‍ സിനിമാ പ്രപഞ്ചത്തിലെ സൂപ്പര്‍താരങ്ങള്‍ എല്ലാം ഒരുമിച്ച് അണിനിരക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷൻ രംഗങ്ങള്‍ മാത്രമല്ല വൈകാരിക രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഇന്‍ഫിനിറ്റി വാര്‍ മുന്നോട്ട് പോകുന്നത്. റിലീസ് ചെയ്ത് പത്തുദിവസത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷനാണ് ചിത്രം നേടിയത്. അതായത് 6700 കോടി രൂപയോളം! ഇത് എക്കാലത്തേയും റെക്കോര്‍ഡായിരുന്നു. അവഞ്ചര്‍ പരമ്പരയിലെ ഏറ്റവും മികച്ച ചിത്രം എന്ന് ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട ചിത്രമായിരുന്നു ഇന്‍ഫിനിറ്റിവാര്‍.
ജുറാസിക് വേള്‍ഡ് (2015) 11,520 കോടി
2015 ജൂൺ 12 ന് പുറത്തിറങ്ങിയ ഒരു സയൻസ് – ഫിക്ഷൻ ചലച്ചിത്രമായിരുന്നു ജുറാസ്സിക് വേൾഡ്. ഏകദേശം 511 ദശലക്ഷം ഡോളർ ആദ്യ ആഴ്ച്ച തന്നെ നേടി ഈ സിനിമ പുതിയ റെക്കോർഡ് ഇട്ടിരുന്നു. ഐസ്‌ല നെബുലാർ എന്ന സാങ്കല്പിക ദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെ ഉൾപ്പെടുത്തി ജോൺ ഹാമ്മണ്ട് ഉണ്ടാക്കിയ തീം പാർക്ക് വര്ഷങ്ങളായി പ്രവർത്തിക്കുന്നു. കുടുതൽ സന്ദർശകരെ ആകർഷിക്കാൻ ഒരു പുതിയ ഇനം ദിനോസറിനെ സൃഷ്ടിക്കുന്നു, എന്നാൽ ഈ ദിനോസർ കൂട് പൊളിച്ച് രക്ഷപെടുന്നു. 1993 ൽ പുറത്ത് വന്ന ജുറാസ്സിക് പാർക്കായിരുന്നു , ലോക സിനിമകളിൽ അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡ് ഭേദിച്ച ലോകത്തിലെ ആദ്യ സിനിമ ( $ 993 മില്ല്യൺ ) . പിന്നീട് നാലു കൊല്ലം കഴിഞ്ഞ് ‘ടൈറ്റാനിക്കും’ ശേഷം‘ അവതാറു’ മൊക്കെയാണ് ഈ റെക്കോർഡുകൾ വെട്ടിച്ച് മുന്നേറിയ സിനിമകൾ.