1971 ആഗസ്റ്റ് ആറിനാണ് വെള്ളിത്തിരയിൽ ആ മുഖം ആദ്യമായി മിന്നി മറഞ്ഞത്. അന്നാരും ചിന്തിച്ചില്ല അയാൾ മലയാള സിനിമയുടെ മുഖമായി മാറുമെന്ന്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാണാനെത്തിയ പി.ഐ. മുഹമ്മദ്കുട്ടിയുടെ മനസ്സിൽ മുഴുവൻ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. അന്നയാൾ യുവ അഭിഭാഷകനായിരുന്നു. മുൻ തലമുറ പകർന്നു നൽകിയ സിനിമാ പാരമ്പര്യമൊന്നും ആ യുവാവിന് പറയാനുണ്ടായിരുന്നില്ല. എന്നാൽ ഷൂട്ടിങ് കാണാനെത്തിയ ആ യുവാവിന്റെ മുഖം ഒരു നിമിഷത്തേക്ക് ക്യാമറയിൽ പകർത്തപ്പെട്ടു. അന്ന് ആരും വിചാരിച്ച് കാണില്ല വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ പിന്നീട് മലയാള സിനിമയുടെ അമരക്കാരനായി മാറുമെന്ന്. പി.ഐ. മുഹമ്മദ്കുട്ടിയിൽ നിന്നു മമ്മുട്ടിയിലേക്കുള്ള വളർച്ച സിനിമയെ ഒരുപാടു പ്രണയിച്ച പ്രതിഭയുടെ വളർച്ചയായിരുന്നു. പിന്നീടിങ്ങോട്ട് അഭ്രപാളിയിൽ നമ്മളെ അമ്പരപ്പിച്ച എത്രയെത്ര വേഷങ്ങൾ, പകർന്നാട്ടങ്ങൾ..
നാല് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ, വിധേയൻ, പൊന്തൻ മാട, അംബേദ്കർ എന്നീ ചിത്രങ്ങള്‍ക്കാണ് ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്. ഇപ്പോഴിതാ പേരൻപ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ ഇത്തവണത്തെ ദേശീയപുരസ്കാരത്തിനായുള്ള പട്ടികയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്. അഹിംസ, അടിയൊഴുക്കുകൾ, യാത്ര, നിറക്കൂട്ട്, ഒരു വടക്കൻ വീരഗാഥ, മതിലുകൾ, വിധേയൻ, പൊന്തൻ മാട, കാഴ്ച, പാലേരിമാണിക്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് സംസ്ഥാനപുരസ്കാരം ലഭിച്ചിട്ടുള്ളത്. മകൻ അഭിഭാഷകനായി കാണണമെന്ന അമ്മയുടെ ആഗ്രത്തിന് മങ്ങലേറ്റില്ല. വക്കീൽ, ഡോക്ടർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളിലൂടെ നീണ്ട 48 വർഷത്തെ ജൈത്രയാത്രയിൽ ഒരിക്കൽ പോലും അദ്ദേഹത്തിന് കാലിടറിയില്ല. അനവധി ചരിത്ര നായകന്മാരും മമ്മുട്ടിയുടെ വെള്ളിത്തിരയിൽ പുനർജനിച്ചു. പ്രേക്ഷക ലക്ഷങ്ങളുടെ മമ്മുക്കയായി മാറാൻ അദ്ദേഹത്തിന് പെട്ടന്ന് തന്നെ സാധിച്ചു.
എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന ചിത്രമായിരുന്നു മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ സിനിമ. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ തന്നെ ‘യവനിക’, 1987ൽ ജോഷി സംവിധാനം ചെയ്ത ‘ന്യൂ ഡൽഹി’ എന്നീ ചിത്രങ്ങൾ മമ്മൂട്ടി എന്ന നടന്റെ താരമൂല്യം ഉയർത്തി. പരാജയങ്ങൾ നേരിട്ടപ്പോഴും ക്ഷമയോടെ കാത്തിരിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. കഠിനാധ്വാനം ചെയ്യാൻ തയ്യാറായ ആ മനുഷ്യനെ തേടി നിരവധി വേഷങ്ങളെത്തി. കൂട്ടുകാരൻ, അധ്യാപകൻ,അച്ഛൻ,ഭർത്താവ്, കാമുകൻ, സഹോദരൻ അങ്ങനെ സിനിമാസ്വാദകർ എക്കാലവും ഓർത്തുവെക്കുന്ന കഥാപാത്രങ്ങളെല്ലാം ആ നടനിലൂടെ അഭ്രപാളിയിൽ യാഥാർഥ്യമായി. അദ്ദേഹത്തിന് മാത്രം ചെയ്യാൻ കഴിയുന്ന വേഷങ്ങൾ. അന്യഭാഷകളിലും നായകനായി തന്നെ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. മലയാളത്തിന് മാത്രമല്ല, തമിഴ്, തെലുങ്ക് തുടങ്ങി ഇംഗ്ലീഷ് സിനിമയുടെ പോലും ഭാഗമാകാൻ മലയാളത്തിന്റെ മമ്മുക്കക്ക് കഴിഞ്ഞു.
ആദർശശാലിയും പൗരുഷത്വവും, പരുക്കാനുമായുള്ള കഥാപാത്രങ്ങളുടെ ചട്ടക്കൂടിൽ നിന്ന് മമ്മുട്ടിയെ പുറത്തു കൊണ്ട് വന്നത് പദ്മരാജനെന്ന എഴുത്തുകാരനാണ്, സംവിധായകനാണ്.. മമ്മുട്ടിയുടെ അഭിനയശൈലിയെ സമർത്ഥമായി ഉപയോഗപ്പെടുത്തിയ കൂടെവിടെ എന്ന ചിത്രത്തിൽ തുടങ്ങി കാണാമറയത്ത്, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി ഒരുപിടി വ്യത്യസ്ത ചിത്രങ്ങൾ സമ്മാനിക്കാൻ പത്മരാജനിലൂടെ മമ്മുക്കക്ക് കഴിഞ്ഞു. അതേസമയം സംവിധായകൻ ജോഷിയുടെ ലഭിച്ച കാമ്പുള്ള കഥാപാത്രങ്ങളും മമ്മുക്കയുടെ സിനിമ ജീവിതത്തിൽ നാഴികക്കല്ലുകളായി. അമരത്തിലെ മുക്കുവനായ അച്ചൂട്ടിയെ അത്ര പെർഫെക്ഷനോടെ ഫലിപ്പിക്കാൻ ഏത് നടനാണ് സാധിക്കുക. ചിത്രം വലിയ വിജയമാകാതിരിക്കില്ലല്ലോ. ചെമ്മീൻ സിനിമയുടെ 25 വർഷം ആഘോഷിക്കുന്ന വേളയിൽ റിലീസ് ചെയ്ത അമരം ഒരു ചരിത്രം ആയി മാറുകയായിരുന്നു. മമ്മുക്കയുടെ സിനിമാജീവിതത്തിലെ നട്ടെല്ലായി മാറിയത് പുറത്തിറങ്ങിയ ഐ വി ശശി ചിത്രങ്ങളായിരുന്നു. കാണാമറയത്ത്, ആൾക്കൂട്ടത്തിൽ തനിയെ, വാർത്ത, അനുബന്ധം, ആവനാഴി, അതിരാത്രം തുടങ്ങി വെള്ളിത്തിരയെ അമ്പരപ്പിച്ച എത്ര സിനിമകൾ..
നടി ശ്രീവിദ്യ തകർത്തഭിനയിച്ച ‘പൂമുഖപ്പടിയിൽ നിന്നെയും കാത്ത്’ എന്ന സിനിമയിലെ സംശയരോഗിയായ ഭാര്യയുടെ മുന്നിലെ നിസ്സഹായനായ ഭർത്താവിന്റേ വേഷം എത്ര ഗംഭീരമായാണ് മമ്മുക്ക അവതരിപ്പിച്ചത്. സിനിമയിൽ ശ്രീവിദ്യക്കൊപ്പമോ ഒരുപക്ഷേ അവരേക്കാൾ ഒരുപടി മുകളിലോ അഭിനയിച്ചു മമ്മുക്ക. ഭദ്രൻ സംവിധാനം ചെയ്ത ആ ചിത്രം ഇന്നും സാമൂഹിക പ്രാധാന്യമർഹിക്കുന്ന സിനിമയാണ്. മമ്മുക്കയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ കാമുക വേഷം ഒരുപക്ഷെ ‘യാത്ര’യിലെ ഉണ്ണികൃഷ്ണൻ എന്ന ഫോറസ്റ്റ് ഓഫിസർ ആയിരിക്കും. തനിയാവർത്തനത്തിലെ ബാലൻമാഷാണ് മമ്മുക്കയുടെ അഭിനയശൈലിയെ മാറ്റിമറിച്ച മറ്റൊരു കഥാപാത്രം. ഒരു സിബിഐ ഡയറിക്കുറിപ്പ്, സംഘം, ഓഗസ്റ്റ് 1, 1921, തന്ത്രം, മുക്തി, വടക്കൻ വീരഗാഥ, ഉത്തരം, അർത്ഥം അഥർവം, നായർസാബ്, മഹായാനം, മൃഗയ, പുറപ്പാട്, കോട്ടയം കുഞ്ഞച്ചൻ, മതിലുകൾ, മിഥ്യ, കളിക്കളം, അയ്യർ ദ ഗ്രേറ്റ്, നയം വ്യക്തമാക്കുന്നു, കൗരവർ, അമരം, സൂര്യമാനസം, ജോണിവാക്കർ, ധ്രുവം, ആയിരപ്പറ, വാത്സല്യം, പാഥേയം, വിധേയൻ, പൊന്തൻമാട, സുകൃതം, മഴയെത്തും മുമ്പേ ചിത്രങ്ങൾ ഓരോന്നായെടുത്തു പരിശോധിച്ചാൽ മമ്മുട്ടി എന്ന നടന്റെ ട്രാൻസിഷൻ മനസിലാക്കാം. ഒരേസമയം തിയേറ്ററിലെത്തിയ വിധേയനിലും പൊന്തൻമാടയിലും അഭിനയത്തിന്റെ രണ്ടറ്റത്ത് നിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഫലിപ്പിച്ചപ്പോൾ രാജ്യം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നൽകി ആദരിച്ചു. വിധേയനിൽ അദ്ദേഹം ജന്മിയായി മാറിയപ്പോൾ, പൊന്തൻമാടയിൽ മാട എന്ന അടിയാൻ ആയിട്ടാണ് അഭിനയിച്ചത്. രണ്ടും രണ്ടു തലത്തിൽ നിൽക്കുന്ന ഏറെ അകന്നു നിൽക്കുന്ന വേഷങ്ങൾ. പക്ഷെ മലയാളത്തിന്റെ മമ്മുക്കയിൽ അവ ഭദ്രമായിരുന്നു.
ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കേവലം ഫാൻസി ഡ്രസ്സായി മാറുമായിരുന്ന വാറുണ്ണിയെ ജനലക്ഷങ്ങളേറ്റെടുത്തതിന് കാരണം മമ്മുക്കയുടെ അഭിനയ ചാരുത ഒന്ന് മാത്രമാണ്. തന്റെ സന്തത സഹചാരിയായ നായയെ കൊല്ലേണ്ടി വരുമ്പോഴും, പിന്നീട് അത് നിസ്സഹായനായിരുന്നെന്നു തിരിച്ചറിഞ്ഞപ്പോഴും മമ്മുക്കയുടെ മുഖത്തു മിന്നിമാഞ്ഞ ഭാവം എത്രമാത്രം യാഥാർഥ്യമായിരുന്നു അല്ലെ.. കളിക്കളത്തിലും ജോണിവാക്കറിലും നമ്മൾ കണ്ട മമ്മുക്ക എന്തൊരു സ്റ്റൈലിഷ് ആയിരുന്നു. ആത്മവിശ്വാസവും ജീവിതം നഷ്ട്ടമാകുമ്പോഴുണ്ടാകുന്ന നിസ്സഹായതയും ഒരേ വ്യക്തിയുടെ നമ്മൾ കണ്ടത് സുകൃതം എന്ന ചിത്രത്തിലായിരുന്നു. എല്ലാറ്റിനെയും ഭയമുള്ള ഭൂതക്കണ്ണാടിയിലെ വിദ്യാധരനെ മമ്മുക്കക്കല്ലാതെ മറ്റാർക്കാണ് ചെയ്യാനാകുക. പിന്നീടിങ്ങോട്ട് ബിഗ് ബി, പഴശ്ശി, പ്രാഞ്ചിയേട്ടൻ, രാജമാണിക്കം, മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജി, എത്രയെത്ര വേഷങ്ങൾ..
2019 ൽ പുറത്തിറങ്ങിയ മമ്മുക്ക ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. പേരൻപ്, യാത്ര, ഉണ്ട, മധുരരാജാ എല്ലാം ഒന്നിനൊന്ന് ഭദ്രവും മികച്ചതുമായിരുന്നു. വെറുമൊരു നടനല്ല, അസാമാന്യ കഴിവുള്ള മനുഷ്യൻ.. മമ്മുട്ടി എന്ന നടൻ പലപ്പോഴും ഇതിഹാസമായി മാറുന്നത് ഇങ്ങനെയൊക്കെയാണ്. ജീവിതത്തിന്റെ 48 വർഷങ്ങളും ഒരുപോലെ മനോഹരമാക്കി വെള്ളിത്തിരയിൽ പുതുമ ചോരാതെ സൂക്ഷിക്കുന്നു നടൻ.. വെള്ളിത്തിരയിൽ അദ്ദേഹം ഇത്രയും വർഷങ്ങൾ പിന്നിട്ടെന്ന് ആർക്കാണ് തോന്നുക, അത്ര മനോഹരമായി തെളിഞ്ഞു നിൽക്കുന്നുണ്ട് ഇന്നലെ കണ്ടു തീർത്ത സിനിമയിലേതു പോലെ ഓരോ കഥാപാത്രങ്ങളും.. ഇനിയും വരാനുണ്ട് മികച്ച വേഷങ്ങൾ, മികച്ച കഥകൾ, അവക്കായി വെമ്പൽ കൊള്ളുന്നുണ്ട് ഓരോ മമ്മുക്ക ആരാധകന്റെയും ഉള്ളും…