മോഹൻലാലിനെ സൂപ്പര്‍ താരമാക്കി മാറ്റിയ ചിത്രങ്ങള്‍

·

·

മലയാള സിനിമ രംഗത്ത് തുല്യതയില്ലാത്ത അഭിനയ പ്രതിഭയാണ് മോഹൻലാൽ. വില്ലനായി വന്ന് നായകനായി അവതരിച്ച് പിന്നീട് സൂപ്പർതാര പദവിയിൽ ചിരകാല പ്രതിഷ്ഠ നേടിയ മലയാളികളുടെ ലാലേട്ടൻ. ദേശീയ – സംസ്ഥാന പുരസ്‌ക്കാരങ്ങൾ, പദ്മശ്രീ, ഭരത്, പദ്മഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ പ്രതിഭയാണ് ഇദ്ദേഹം. അവതരിപ്പിക്കുന്ന എല്ലാ വേഷങ്ങളും മനോഹരമാക്കുകയും തന്റെ കയ്യിൽ ആ കഥാപാത്രങ്ങൾ ഭദ്രമാണെന്ന് തെളിയിക്കുകയും ചെയ്യുന്നുണ്ട് ഓരോ വേഷങ്ങളിലൂടെയും അദ്ദേഹം. 1978 ൽ അഭിനയിച്ച തിരനോട്ടം ആയിരുന്നു ആദ്യ സിനിമയെങ്കിലും സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. തുടർന്ന് 80 ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മോഹൻലാൽ വെള്ളിത്തിരയിലെത്തി. ശങ്കർ, പൂർണ്ണിമ ജയറാം, മോഹൻലാൽ എന്നീ മുൻനിര താരങ്ങളുടെ ആദ്യ ചിത്രമായിരുന്നു ഇത്. പ്രതിനായക വേഷത്തിലെത്തിയ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ചിത്രം. പിന്നീടിങ്ങോട്ട് നിരവധി അനവധി സിനിമകൾ താരത്തെ തേടിയെത്തി. 1980 , 90 ദശകങ്ങളിൽ അഭിനയിച്ച വേഷങ്ങളിലൂടെയാണ് മോഹൻലാൽ ഏറെ ശ്രദ്ധേയനായത്. ഇന്ന് മോഹൻലാൽ എന്ന നടനു വേണ്ടി തിരക്കഥകൾ സൃഷ്ടിക്കപ്പെട്ടു തുടങ്ങി. മോഹൻലാൽ എന്ന നടനെ സൂപ്പർ താരമാക്കിയ മലയാള സിനിമയിൽ തന്നെ നാഴികക്കല്ലുകളായി മാറിയ പത്തു ചിത്രങ്ങളിലൂടെ.

രാജാവിന്റെ മകൻ (1986)

മോഹൻലാൽ എന്ന നടൻ നേടിയെടുത്ത പ്രേക്ഷക പ്രീതിയുടെ പട്ടാഭിഷേകം നടന്നത് 1986 ൽ പുറത്തിറങ്ങിയ രാജാവിന്റെ മകനിലൂടെയായിരുന്നു. ‘രാജുമോന്‍ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്?? ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കീരിടവും ചെങ്കോലും സിംഹാസനവും ഉള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു, ‘Prince”രാജകുമാരന്‍” രാജാവിന്റെ മകന്‍’, Yes Iam a Prince, Underworld prince. അധോലോകങ്ങളുടെ രാജകുമാരന്‍..” എന്നും പറഞ്ഞ് തമ്പി കണ്ണന്താനത്തിന്റെയും ഡെന്നിസ് ജോസഫിന്റെയും വിൻസന്റ് ഗോമസ് എന്ന ആ രാജകുമാരൻ വന്നത് പ്രേക്ഷക ഹൃദയങ്ങളിലേക്കായിരുന്നു. മോഹൻലാലിൻറെ സിനിമ ജീവിതത്തിൽ തന്നെ വഴിത്തിരിവായ കഥാപാത്രമായിരുന്നു വിൻസെന്റ് ഗോമസ്.

Related: രാജാവിന്റെ മകന്റെ പട്ടാഭിഷേകം കഴിഞ്ഞിട്ട് ഇന്നേക്ക് 33 വർഷം

മലയാള സിനിമയിലുള്ള എക്കാലത്തെയും അധോലോക നായക കഥാപാത്രങ്ങളിൽ മുൻ നിരയിൽ ഉള്ള കഥാപാത്രമായിരുന്നു ഇത്. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളിലൂടെയൊ, ആക്രോശിക്കുന്ന സംഭാഷണങ്ങളിലൂടെയൊ സ്റ്റൈലൻ രംഗത്തിലൂടെയെല്ലാം വിൻസന്റ് ഗോമസ് എന്ന നായകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താമെന്നിരിക്കെ അതിനൊന്നും മുതിരാതെ വളരെ ലളിതമായി സംവിധായകൻ നായകനെ അവതരിപ്പിച്ചു എന്നത് തന്നെയാണ് ചിത്രത്തിന്റെ വിജയം. കാറിൽ നിന്നിറങ്ങി കോടതിയിലേക്ക് കയറി പോകുന്ന വിൻസന്റ് ഗോമസിന്റെ ഫോട്ടൊ എടുക്കുന്ന ഫോട്ടൊഗ്രാഫറെ തീവ്രമായി നോക്കുന്നതിലൂടെ, അത് കണ്ട് ഫോട്ടൊഗ്രാഫർ ക്യാമറയിൽ നിന്നും ഫിലിം റോൾ എടുത്ത് കളയുന്നതിലൂടെ വിൻസന്റ് ഗോമസ് എന്ന ഡോൺ കഥാപാത്രം എത്രമാത്രം ശക്തനാണെന്ന് സംവിധായകൻ പ്രേക്ഷകർക്ക് കാണിച്ച് കൊടുക്കുന്നു സംവിധായകൻ. തിരശ്ശീലയിൽ വിൻസന്റ് ഗോമസ് വെടിയുണ്ടകൾ ഏറ്റുവാങ്ങി മരിച്ചു വീഴുമ്പോൾ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ താരം പിറവിയെടുക്കുകയായിരുന്നു.

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)

മലയാളസിനിമയിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നാണെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. പ്രണയം സാധാരണ എല്ലാ സിനിമകളിലും ഉപയോഗിക്കുന്ന വികാരമാണെങ്കിലും പത്മരാജന്‍ തന്റെ ചിത്രത്തില്‍ അതിനെ കൊണ്ടുപോയ രീതിയാണ് ഒരുപക്ഷെ ചിത്രത്തെ ശ്രദ്ധേയമാക്കിയത്. ഈ ചിത്രത്തില്‍ പ്രേമത്തിനെ അതിന്റെ സ്വാഭാവികമായ അനുഭൂതി, അതിനാടകിയത ചേര്‍ക്കാതെ പത്മരാജന്‍ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയായിരുന്നു. ”നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം.. അതി കാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടത്തില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും..’ പത്മരാജന്റെ സോളമൻ സോഫിയയോട് തന്റെ പ്രേമം പറയുന്നത് ബൈബിളില്‍ നിന്ന് കടമെടുത്ത ഈ വരികളിലൂടെയാണ്. തീർത്തും വ്യത്യസ്തമായ നായക കഥാപാത്രമായിരുന്നു സോളമനിലൂടെ മോഹൻലാൽ വെള്ളിത്തിരയിലെത്തിച്ചത്. സ്ത്രീയുടെ വിശുദ്ധി എന്നത് കന്യകാത്വമാണെന്നു കടുത്ത യാഥാസ്ഥിതിക ബോധം വച്ചുപുലര്‍ത്തിയിരുന്ന മലയാളിമനസ്സുകളുടെ മുന്നിലേക്ക് പാരമ്പര്യകന്യകാത്വ വാദത്തിന്റെ മുഖത്ത് കാറിത്തുപ്പിക്കൊണ്ട് ഒരു പൊളിച്ചെഴുത്തുനടത്തിയാണ് പദ്മരാജന്‍ തന്റെ സോളമനെ അവതരിപ്പിച്ചത്. സോളമനെന്ന കഥാപാത്രം മോഹൻലാലിൻറെ സിനിമകളിൽ വേറിട്ടതാവുന്നതും അതുകൊണ്ടുതന്നെയാണ്.

നാടോടിക്കാറ്റ് (1987)

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ – വിജയൻ കോമ്പിനേഷൻ പിൽക്കാലത്ത് വളരെയധികം ശ്രദ്ദിക്കപ്പെട്ടു. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മങ്ങളിലൂടെയും ആവിഷ്കരിച്ചതാണ്‌ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്‌ വൻ വിജയം സമ്മാനിച്ചത്. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം, പ്രിയദർശൻ സം‌വിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി. ചിത്രങ്ങളെല്ലാം വലിയ വിജയങ്ങൾ നേടുകയും ചെയ്തു. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നടോടിക്കാറ്റ് ഇന്നും വിലയിരുത്തപ്പെടുന്നു. ഇരുപതു വർഷങ്ങൾക്ക് ശേഷവും ടി.വി. ചാനലുകളിൽ ചിത്രം പുനഃസംപ്രേഷണം ചെയ്യുമ്പോൾ അതിന് കിട്ടുന്നത് വൻ പ്രേക്ഷക സ്വീകാര്യതയാണ്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഈ ചിത്രം നേട്ടം കൊയ്തു. ചിത്രം പുറത്തിറങ്ങിയതോടെ മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടിൽ ഒന്നായി മോഹൻലാൽ – ശ്രീനിവാസൻ കോംബോ മാറി. ”നമുക്കെന്താ വിജയാ ഈ ബുദ്ധി ആദ്യം തോന്നാഞ്ഞത്, കണ്ണ പഴുത്ത് ചീഞ്ഞ് ഇരിക്കുകയാണ് സാര്‍, അവസാനം പവനായി ശവമായി, ഗഫൂര്‍ക്കാ ദോസ്ത്” ഇതിലേതെങ്കിലും ഡയലോഗ് പറയാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോകുന്നുണ്ടാവില്ല. ദാസനും വിജയനും മലയാളിയുടെ നിത്യജീവിതത്തെ അത്രയേറെ ഉൾകൊണ്ട കഥാപാത്രങ്ങളായിരുന്നു.

തൂവാനത്തുമ്പികൾ (1987)

‘ക്ലാര: ഞാന്‍ ഇപ്പോഴും ഓര്‍ക്കും…ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും
ജയകൃഷ്ണന്‍: മുഖങ്ങളുടെ എണ്ണം അങ്ങിനെ കൂടിക്കൊണ്ടിരിക്കുകയല്ലേ…അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും.
ജയകൃഷ്ണന്‍: പിന്നെ മറക്കാതെ
ക്ലാര: പക്ഷേ എനിക്ക് മറക്കണ്ട….”

മോഹന്‍ലാലിന്റെ ജയകൃഷ്ണനും സുമലതയുടെ ക്ലാരയും ഇപ്പോഴും ഇന്നലെ കണ്ടതുപോലെ നമ്മുടെ മുന്നിലുണ്ട്. എക്കാലത്തേയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു ക്ലാര. ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്പോള്‍ ക്ലാരയും ജയകൃഷ്ണനും മലയാളികൾക്ക് മുന്നിലെത്തുന്നു. പത്മരാജന്റെ തന്നെ ഉദകപ്പോള എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു തൂവാനത്തുമ്പികള്‍ ചലച്ചിത്രമാക്കിയത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മണ്ണാറത്തൊടി ജയകൃഷ്ണന്‍. ലാലിന്റെ അനായാസമായ അഭിനയ ശൈലി ജയകൃഷ്ണനെ മലയാളികളുടെ മനസില്‍ ചിരപത്രിഷ്ഠ നേടാന്‍ സഹായിച്ചു. ഒരിക്കലും പൂർണ്ണരോ, അതിമാനുഷികരോ ആയിരുന്നില്ല പത്മരാജന്റെ നായകന്മാർ. കുറച്ചു നന്മയും അതിലേറെ കള്ളത്തരങ്ങളുമുള്ള പച്ചയായ മനുഷ്യനായിരുന്നു ജയകൃഷ്ണനും. ക്ലാരയുടെ മാത്രമല്ല പ്രണയിതാക്കളുടെ മനസ് കവര്‍ന്ന പ്രകടനമായിരുന്നു ജയകൃഷ്ണനിലൂടെ മോഹൻലാലിന്റേത്.

ചിത്രം (1988 )

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയാണ് ചിത്രം. രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം പിന്നീട് ഹിന്ദിയിലും പുനർനിർമ്മിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ജനപ്രീതിനേടിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ചിത്രം. അതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകളെയെല്ലാം തിരുത്തിക്കുറിച്ച ചിത്രം. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രമെന്ന് നിസംശയം പറയാം. ഇന്നും പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട് ഈ സിനിമ. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു ഓരോ താരവും. മോഹൻലാലിന്റെ വിഷ്ണു എന്ന കഥാപാത്രം ഏറെ പ്രശംസകളേറ്റുവാങ്ങി. തുടക്കത്തിലെ തമാശയും പിന്നീടുള്ള വൈകാരികത നിറഞ്ഞ മുഹൂര്‍ത്തങ്ങളുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആദ്യദിനത്തില്‍ അത്ര നല്ല പ്രതികരണമോ, തിരക്കോ സിനിമയ്ക്ക് അനുഭവപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് ചിത്രത്തിന് വൻസ്വീകാര്യത ലഭിച്ചു തുടങ്ങി. ഒരു വര്‍ഷത്തോളം പ്രദര്‍ശിപ്പിച്ച സിനിമയെന്ന റെക്കോര്‍ഡ് ചിത്രത്തിന് സ്വന്തമായി. തിയേറ്ററുകളില്‍ കൂടുതല്‍ ദിവസം പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡും സിനിമയ്ക്ക് ലഭിച്ചു.

കിരീടം (1989)

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സിബി മലയില്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടിലിൽ പുറത്തിറങ്ങിയ കിരീടം. എത്ര വട്ടം കണ്ടാലും മടുപ്പ് തോന്നാത്തൊരു ചിത്രമാണ് മലയാളികൾക്ക് കിരീടം. സ്വന്തം അച്ഛനെ തല്ലുന്നത് കണ്ട് കൊലപാതകിയായി മാറിയ സേതുമാധവന്റെ നൊമ്പരം എങ്ങനെയാണു മലയാളികൾക്ക് മറക്കാനാകുക. കണ്ണീർപ്പൂവിന്റെ കവിളിൽ തലോടിക്കൊണ്ട് കടന്നുപോയ നൊമ്പരമേറ്റുന്നൊരു ചലച്ചിത്രം. മോഹൻലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതൻ നായരും ആസ്വാദകരെ അത്രയേറെ നൊമ്പരപെടുത്തിയ അച്ഛനും മകനുമാണ്. തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതത്തിനു തന്നെ ഭീഷണിയാവുന്ന കീരിക്കാടൻ ജോസിനെ കൊല്ലേണ്ടി വരുന്ന സേതുമാധവൻ മോഹൻലാലിന്റെ മികച്ച കഥാപത്രങ്ങളിൽ ഒന്നാണ്. അതിമാനുഷികനല്ലാത്ത നായകന്റെ വികാരങ്ങളെല്ലാം അതുപോലെ പകർത്തിവെക്കാൻ ലാലിന് സാധിച്ചു.

ഭരതം (1991)

ഇന്നും പറഞ്ഞറിയിക്കാനാവാത്ത ഹൃദയവികാരത്തോടെ മലയാളികള്‍ കാണുന്ന സിനിമയാണ് ഭരതം. ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ. ജ്യേഷ്ഠന്‍റെ ചിതയില്‍ ചവിട്ടിനിന്ന് ‘രാമകഥ’ പാടുന്ന ഗോപിനാഥന്‍റെ വ്യഥയില്‍ ഏവരും വേദനിച്ചു. ഒന്നു പൊട്ടിക്കരയാന്‍ പോലുമാകാതെ, ഉമിത്തീയിലെന്നവണ്ണം നീറി നില്‍ക്കുന്ന ഗോപിനാഥന്‍ മോഹന്‍ലാല്‍ ജീവന്‍ പകര്‍ന്ന ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. എന്നാല്‍ ആ അവാര്‍ഡ് നെടുമുടിവേണുവിനായിരുന്നു ലഭിക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്. കല്ലൂര്‍ ഗോപിനാഥനേക്കാള്‍ പലപ്പോഴും തിളങ്ങിയതും ഉള്ളില്‍ തട്ടിയതും കല്ലൂര്‍ രാമനാഥനായിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, അതിന് നെടുമുടിവേണു തന്നെ മറുപടി പറഞ്ഞിട്ടുണ്ട് – രാമനാഥന് സഞ്ചരിക്കാന്‍ ഒരു പാതയേ ഉള്ളൂ. ഗോപിനാഥന്‍ അങ്ങനെയല്ല. അയാള്‍ പലപ്പോഴും ജീവിതത്തിന്‍റെ നൂല്‍പ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ആ മറുപടി തന്നെയായിരുന്നു ഗോപിയെയും ഒപ്പം മോഹൻലാലെന്ന നടനെയും വീണ്ടും മികവുറ്റതാക്കുന്നത്. വർഷങ്ങൾക്കിപ്പുറവും ഉള്ളുപൊള്ളിക്കുന്ന ഓര്‍മ്മയായി ഓരോ മലയാളിയും നെഞ്ചിലേറ്റുന്ന സിനിമയാണ് ഭരതം.

ദേവാസുരം (1993)

മലയാള സിനിമാ പ്രേമികളുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന ചിത്രമാണ് ദേവാസുരം. മോഹൻലാലിനെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി ഒരുക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നാണ്. മംഗലശ്ശേരി നീലകണ്‌ഠനായുള്ള മോഹൻലാലിന്റെ പ്രകടനവും, ഭാനുമതിയായുള്ള രേവതിയുടെ വേഷപ്പകർച്ചയുമായിരുന്നു ദേവാസുരത്തിന്റെ ആത്മാവ് എന്ന് പറയാം. നായകനൊപ്പം നിൽക്കുന്ന മുണ്ടക്കൽ ശേഖരനെന്ന വില്ലനെ നെപ്പോളിയൻ മനോഹരമാക്കി. മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു ദേവാസുരം. 2001ൽ രഞ്ജിത്ത് ഒരുക്കിയ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വൻ വിജയമായിരുന്നു. മംഗലശ്ശേരി നീലകണ്‌ഠനും മുണ്ടക്കൽ ശേഖരനും തമ്മിലുള്ള പകയുടെയും പ്രതികാരത്തിന്റെയും കഥ ഇരു ചിത്രങ്ങളിലൂടെയും മനോഹരമായി കാണിക്കാൻ സംവിധായകന് സാധിച്ചു. മോഹൻലാലിന്റെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു മംഗലശ്ശേരി നീലകണ്‌ഠൻ.

സ്ഫടികം (1995)

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് സിനിമകളുടെ പട്ടികയെടുത്താൽ അതിൽ മുന്നിൽ തന്നെ ഉണ്ടാകും സ്ഫടികം. മലയാളത്തിലെ മികച്ച മാസ്സ് ചിത്രങ്ങളുടെ ലിസ്റ്റിലും ചിത്രമുണ്ടാകും. ആടുതോമയും ചാക്കോ മാഷും എന്നും മലയാള ചലച്ചിത്ര ലോകം ഓർക്കുന്ന മികച്ച കഥാപാത്ര സൃഷ്ടികളാണ്. അച്ഛനും മകനും തങ്ങളുടെതായ കാഴ്ച്ചപ്പാടുകളിലും വ്യക്തിത്വത്തിലും ഉറച്ച് നിന്നാണ് പ്രവർത്തിക്കുന്നത്. ചാക്കോ മാഷിന്റെ പക്ഷത്തു നിന്ന് ചിന്തിക്കുമ്പോൾ മാഷാണ് ശരിയെന്നും തോമയുടെ ഒപ്പം നിന്നാൽ തോമയാണ് ശരിയെന്നും നമുക്ക് തോന്നിയേക്കാം.. മക്കളുടെ ഭാവിയിൽ മാതാപിതാക്കളുടെ വാശിക്ക് എത്ര മാത്രം സ്ഥാനമുണ്ടെന്ന് തോമയുടെ ജീവിതം നമുക്ക് കാട്ടി തരുന്നുണ്ട്. തന്റെ മകൻ ഏത് വഴി നടക്കണം, നടക്കരുതെന്ന് അഞ്ജാപിച്ച് വളർത്തുമ്പോൾ തങ്ങളുടെ മോഹങ്ങളും സ്വതന്ത്ര്യവുമാണ് നഷ്ടമാകുന്നതെന്ന് മകൻ അറിയുന്നു. അംഗികാരങ്ങൾ നൽകേണ്ട സമയത്ത് അടിച്ചമർത്തൽ കിട്ടുമ്പോൾ പ്രതികരിച്ച തോമസ് ചാക്കോയിൽ പുതിയൊരു വ്യക്തിത്വം ജനിക്കുന്നതാണ് ആടുതോമ. ചിത്രത്തിലെ ആശയം ഇപ്പോഴും സമൂഹത്തിന്റെ നേരെയുള്ള ഒരു കണ്ണാടിയാണ്. മോഹൻലാലിന്റെ ആടുതോമയും തിലകന്റെ ചാക്കോമാഷും ഇന്നും മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുകയായിരുന്നു.

പരദേശി (2007)

പി.ടി. കുഞ്ഞുമുഹമ്മദിന്റെ സം‌വിധാനത്തിൽ മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ മലയാള ഫീച്ചർ ചലച്ചിത്രമായിരുന്നു പരദേശി. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് മലബാറിൽ നിന്ന് ജോലിതേടി പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്ന വലിയകത്ത് മൂസായുടെ കഥയാണ്‌ പരദേശി പറഞ്ഞത്. വിഭജനാനന്തരം വലിയകത്ത് മൂസ ഇന്ത്യയിലേക്ക് മടങ്ങി വന്ന് മലപ്പുറത്ത് സ്ഥിരതാമസമാക്കുകയുമാണ്‌. ഒരു യഥാർഥ ഭാരതീയനായി ജീവിക്കുന്ന ഇദ്ദേഹത്തിന്‌ സ്വതന്ത്ര്യം ലഭിച്ച് അമ്പത് വർഷങ്ങൽ പിന്നിട്ടിട്ടും പാസ്പോർട്ട് ലഭിക്കാത്തത് കാരണം ഔദ്യോഗിക രേഖകൾ മൂസയെ ഭാരതപൗരനായി കണക്കാക്കാത്തതിനാൽ പോലീസ് അദ്ദേഹത്തേയും തന്റെ അയൽക്കാരെയും പാകിസ്താൻ ചാരന്മാരായി കണ്ട് നിരന്തരം പൊറുതിമുട്ടിക്കുകയും ചെയ്യുന്നു. കഥ പറഞ്ഞു വക്കുന്നത് ഇന്നും നിലനിൽക്കുന്ന അവസ്ഥകളെ പാട്ടി തന്നെയാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം മോഹൻലാലിനെ തേടിയെത്തി. മോഹൻലാലിലെ നടനെ സസൂക്ഷ്മം ഉപയോഗിച്ച മികച്ച സിനിമകളിൽ ഒന്നാണ് പരദേശി.

അങ്ങനെ മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന അനവധി ചിത്രങ്ങളിലൂടെ മോഹൻലാൽ എന്ന നടൻ പ്രേക്ഷകരെ നിരന്തരം വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കിടിലന്‍ കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, ഒരു യോദ്ധാവിനെ പോലെ സക്രീന്‍ നിറഞ്ഞാടുന്ന മോഹന്‍ലാല്‍, പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സംഭാഷണങ്ങൾ അങ്ങനെ മോഹൻലാലിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം നൽകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവിസ്മരണീയമായി അവതരിപ്പിച്ചുകൊണ്ട് പൃഥ്വിരാജിന്റെ ആദ്യ നായകനായും മോഹൻലാൽ തിളങ്ങി. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി വൻ വിജയമാണ് സ്വന്തമാക്കിയത്. എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളിലൂടെ ആ നടന വിസ്മയം പ്രേക്ഷക മനസ്സിൽ പെയ്തുകൊണ്ടേയിരിക്കുകയാണ്..